

ദില്ലി: വോട്ടര്‍പട്ടിക ക്രമക്കേടുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നടത്തിയ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് ഉച്ചയ്ക്ക് വാര്‍ത്താ സമ്മേളനം നടത്തും. ഉച്ചയ്ക്ക് ശേഷം 3 മണിയോടെയാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറും അംഗങ്ങളും വാര്‍ത്താസമ്മേളനം വിളിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നുവെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങള്‍ക്ക് കൃത്യമായ മറുപടി തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമോയെന്ന കാര്യമാണ് രാജ്യം ഉറ്റുനോക്കുന്നത്.


തെരഞ്ഞെടുപ്പ് തിരിമറി നടത്തിയ ബി.ജെ.പി അധികാരത്തിലേറിയെന്ന ആരോപണം ഉന്നയിച്ച് രാഹുല്‍ ഗാന്ധി ബീഹാറില്‍ യാത്ര തുടങ്ങുന്ന ഇന്നുതന്നെ കമ്മീഷന്‍ വാര്‍ത്താസമ്മേളനം വിളിച്ചത് ശ്രദ്ധേയമാണ്. നേരത്തെ വോട്ടര്‍പട്ടികയില്‍ അഞ്ചു ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടിയാണ് രാഹുല്‍ ഗാന്ധി വാര്‍ത്താസമ്മേളനം നടത്തിയത്. ഡിജിറ്റലായും കരടു വോട്ടര്‍ പട്ടിക രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നല്കിയിരുന്നു. കരടു വോട്ടര്‍പട്ടിക എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും നല്‍കിയ ശേഷമാണ് അന്തിമരൂപം നല്‍കുന്നതെന്നാണ് കമ്മീഷന്റെ വിശദീകരണം. അതേസമയം വോട്ടര്‍ പട്ടിക ക്രമക്കേടിനെതിരെ രാഹുല്‍ ഗാന്ധി നയിക്കുന്ന വോട്ടര്‍ അധികാര്‍ യാത്രക്ക് ബിഹാറിലെ സസാറാമില്‍ ഇന്ന് തുടക്കമാകും.

രാഹുല്‍ ഗാന്ധിക്കൊപ്പം തേജസ്വി യാദവും ചേരുന്ന യാത്ര 12 ദിവസം കൊണ്ട് 1300 കിലോമീറ്റര്‍ പൂര്‍ത്തിയാക്കും. ഇന്ന് വൈകുന്നേരം നടക്കുന്ന പൊതു റാലിയില്‍ സംസാരിക്കുന്ന രാഹുല്‍ ഗാന്ധിയുടെ പ്രതികരണം എന്താകുമെന്നതും ജനം ഉറ്റുനോക്കുന്നുണ്ട്. സപ്റ്റംബര്‍ ഒന്നിന് പാറ്റ്‌നയിലാണ് രാഹുല്‍ ഗാന്ധി നയിക്കുന്ന വോട്ടര്‍ അധികാര്‍ യാത്രയുടെ സമാപന റാലി നടക്കുക. ഈ മാസം ഏഴാം തീയതിയാണ് രാഹുല്‍ ഗാന്ധി ആരോപണങ്ങള്‍ ഉന്നയിച്ചത്. പല വിഷയങ്ങളിലുള്ള ക്രമക്കേട് തങ്ങളുടെ അന്വേഷണത്തില്‍ കണ്ടെത്തിയെന്ന് പറയുകയും ചെയ്തതിന് ശേഷം തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗത്ത് നിന്ന് കാര്യമായ മറുപടിയൊന്നും ഉണ്ടായിരുന്നില്ല.