Breaking News

കരുവന്നൂരില്‍ വീഴ്ച സംഭവിച്ചു; ഏറ്റുപറഞ്ഞ് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍

തിരുവനന്തപുരം: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ വീഴ്ച സംഭവിച്ചുവെന്ന് ഏറ്റുപറഞ്ഞ് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍. ഒരു പ്രമുഖ മലയാളം ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇ.പി.ജയരാജന്റെ കുറ്റസമ്മതം. കരുവന്നൂര്‍ സഹകരണ ബാങ്കിലെ തട്ടിപ്പ് കണ്ടെത്തി പരിഹരിക്കുന്നതില്‍ വീഴ്ച സംഭവിച്ചുവെന്നാണ് അദ്ദേഹം പറഞ്ഞത്. സഹകരണ പ്രസ്ഥാനത്തെയാകെ തകര്‍ക്കുംവിധമുള്ള പ്രശ്‌നം നേരത്തെ പരിക്കേണ്ടതായിരുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതേസമയം, തനിക്കെതിരെ ഉയര്‍ന്ന ആരോപണം തെറ്റാണെന്നും അക്കാര്യവുമായി ബന്ധപ്പെട്ട് ഡി.ജി.പിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ പ്രധാന പ്രതി സതീഷ്‌കുമാര്‍ മട്ടന്നൂരുകാരനെന്ന നിലയില്‍ തനിക്ക് നന്നായി അറിയാവുന്ന ആളാണെങ്കിലും അയാളുടെ ഇടപാടുകളെ കുറിച്ച് അറിയില്ലെന്നും അയാളുടെ ഇടപാടുകളില്‍ തനിക്ക് ബന്ധമൊന്നും ഇല്ലെന്നും ഇ.പി.ജയരാജന്‍ വ്യക്തമാക്കി. സതീശന്റെ ഡ്രൈവറെയും ഇ.ഡി അന്വേഷണത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിരവധി പേര്‍ പല ആവശ്യങ്ങളുമായി തന്നെ വന്ന് കാണാറുണ്ട്. അതൊന്നും നോക്കി വെക്കാറില്ല. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ ഉടന്‍ ചെയ്ത് കൊടുക്കുന്ന വ്യക്തിയല്ല.

പി.ആര്‍അരവിന്ദാക്ഷനെ അറിയില്ല. അരവിന്ദാക്ഷനല്ല ആര് തെറ്റ് ചെയ്താലും ശിക്ഷിക്കപ്പെടണം എന്നാണ് പാര്‍ട്ടി നയം. തെറ്റ് ചെയ്‌തെന്ന് ബോധ്യമായാല്‍ അവരെ പാര്‍ട്ടി സംരക്ഷിക്കില്ല. അങ്ങനെ തെറ്റ് ചെയ്യുന്നവര്‍ക്ക് സംരക്ഷണം നല്‍കുന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രീതിയല്ലെന്നും ഇ.പി.ജയരാജന്‍ വിശദീകരിച്ചു. അതേസമയം, കരുവന്നൂരിന് പിന്നാലെ മാവേലിക്കരയിലെ സഹകരണ ബാങ്ക് തട്ടിപ്പും കേരളമാകെ ചര്‍ച്ചയാവുകയാണ്. തട്ടിപ്പിരയായി നിക്ഷേപം തിരിച്ചു കിട്ടാത്തവര്‍ മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് പരാതി പറയാന്‍ ഒരുങ്ങുകയാണ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *