Breaking News

വര്‍ക്കലയില്‍ ഭാര്യയെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവ് അറസ്റ്റില്‍

വര്‍ക്കല: വര്‍ക്കല ഇടവയില്‍ ഭാര്യയെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവ് അറസ്റ്റില്‍. ഇടവ സ്വദേശിയായ ഷിബുവിനെയാണ് അയിരൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇടവ കാപ്പില്‍ എച്ച്.എസ് ഹരിദാസ് മന്ദിരത്തില്‍ ബീന(42)യെയാണ് ഭര്‍ത്താവ് ഷിബു മാരകമായി കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച പുലര്‍ച്ചെ 12.30 ഓടെയാണ് സംഭവം നടന്നത്. അര്‍ദ്ധരാത്രിയില്‍ പ്രതി ബീനയുടെ മുറിയിലെത്തി ഇളയ മകളോടൊപ്പം ഉറങ്ങി കിടക്കുകയായിരുന്ന ബീനയെ നീ പ്രൊട്ടക്ഷന്‍ ഓര്‍ഡര്‍ വാങ്ങാന്‍ പോകുമോടീയെന്ന് ചോദിച്ച് കട്ടിലില്‍നിന്ന് വലിച്ച് താഴെയിട്ട് കുത്തിക്കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു. ബഹളം കേട്ട് അടുത്ത മുറിയില്‍നിന്നും മൂത്ത മകള്‍ ഓടിവന്ന് പ്രതിയെ തടഞ്ഞു. പ്രതിയുടെ കയ്യില്‍നിന്നും കത്തി പിടിച്ചുവാങ്ങാന്‍ ശ്രമിച്ച മൂത്തകളുടെ കൈ വിരലുകള്‍ പ്രതി കടിച്ചു മുറിച്ചു.

അതോടെ മൂത്ത മകള്‍ അനുജത്തിയെയും കൂട്ടി ഓടി രക്ഷപെട്ടു. ആ സമയം പ്രതി ബീനയുടെ മുടിക്ക് കുത്തിപ്പിടിച്ച് മുറി കുറ്റിയിട്ട ശേഷം അലമാരയില്‍നിന്ന് കത്രിക കൈക്കലാക്കി ബീനയുടെ മുതുകില്‍ ഒന്നിലധികം തവണ ആഞ്ഞ് കുത്തി. നെഞ്ചില്‍ കുത്തിയപ്പോള്‍ ബീന വലതുകൈകൊണ്ട് തടഞ്ഞെങ്കിലും നെഞ്ചിലും ചുമലിലും ഗുരുതരമായി പരിക്കേറ്റു. പ്രതി ഇതിന് മുമ്പും നിരന്തരമായി ബീനയെ ഉപദ്രവിക്കാറുണ്ടായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. ഗുരുതമായി പരിക്കേറ്റ ബീനയെ ഉടന്‍തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. ഇപ്പോള്‍ പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. പ്രതി ഷിബുവിനെ ഇന്നലെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *