

വയനാട്: മുട്ടില്‍ മരംമുറി കേസില്‍ ഗുരുതരമായ വെളിപ്പെടുത്തലുകളുമായി ആദിവാസി ഭൂവുടമകള്‍. മരംമുറിക്കാന്‍ അനുമതി കിട്ടിയിട്ടുണ്ടെന്ന് പ്രതികള്‍ തെറ്റിദ്ധരിപ്പിച്ചെന്നും മരംമുറിക്കാനായി ഒരിടത്തും അപേക്ഷ നല്‍കിയിരുന്നില്ലെന്നും ആദിവാസികളായ ഭൂവുടമകള്‍ വെളിപ്പെടുത്തി. പേപ്പറുകള്‍ എല്ലാം ശരിയാക്കാമെന്ന് റോജി പറഞ്ഞതായും മരംമുറിക്കാന്‍ സ്വമേധയാ അപേക്ഷ നല്‍കിയിരുന്നില്ലെന്നും അപേക്ഷയില്‍ കാണിച്ച ഒപ്പുകള്‍ ഞങ്ങളുടേത് അല്ലെന്നും ഭൂവുമകള്‍ വ്യക്തമാക്കി.
പേപ്പറുകള്‍ ശരിയാക്കാന്‍ കൂടുതല്‍ പണം വേണമെന്നതിനാല്‍ കുറഞ്ഞ വിലയെ നല്‍കാനാകൂവെന്നും പ്രതികള്‍ പറഞ്ഞതായി ഭൂവുടമകള്‍ വെളിപ്പെടുത്തുന്നു.

മരം മുറിയുമായി ബന്ധപ്പെട്ട് ആദ്യം സമീപിച്ചത് ഇടനിലക്കാരാണ്. പിന്നാലെയാണ് മരംമുറിക്കാന്‍ അനുമതി ലഭിച്ചുവെന്ന് പറഞ്ഞ് റോജിയും കൂട്ടാളികളും സമീപിച്ചത്. ലക്ഷങ്ങള്‍ വിലമതിക്കുന്ന മരത്തിന് ഭൂവുടമകള്‍ക്ക് നല്‍കിയത് തുച്ഛമായ വിലയാണ്. ഒരു അപേക്ഷയിലും തങ്ങള്‍ ഒപ്പിട്ടിരുന്നില്ലെന്നും ഭൂവുടമകള്‍ വ്യക്തമാക്കി. മുട്ടില്‍ സൗത്ത് വില്ലേജിലെ റവന്യു പട്ടയ ഭൂമികളില്‍ നിന്നാണ് റോജി അഗസ്റ്റിനും സംഘവും കോടികളുടെ ഈട്ടിത്തടി മുറിച്ചു കടത്തിയത്. ഏഴു കര്‍ഷകരുടെ സമ്മതപത്രമാണ് മരംമുറിക്കാനായി റോജി അഗസ്റ്റിന്‍ വില്ലേജ് ഓഫീസില്‍ സമര്‍പ്പിച്ചത്.

അന്വേഷണത്തിന്റെ ഭാഗമായി മുട്ടില്‍ സൗത്ത് വില്ലേജില്‍ നിന്നും ഈ വ്യാജ അപേക്ഷകള്‍ പൊലീസ് കണ്ടെത്തിയിരുന്നു. എല്ലാം റോജി സ്വന്തം എഴുതി ഒപ്പിട്ടവ എന്നാണ് ഫൊറന്‍സിക് പരിശോധനയിലെ കണ്ടെത്തല്‍. പ്രതികള്‍ക്ക് എതിരായ കൂടുതല്‍ കണ്ടെത്തലുകള്‍ ഇതിനോടകം തന്നെ പുറത്തുവന്നിട്ടുണ്ട്. ഇനി, പൊലീസിന്റെയും വനംവകുപ്പിന്റെയും കുറ്റപത്രമാണ് അടുത്ത ഘട്ടം. കേരള ലാന്‍ഡ് കണ്‍സര്‍വന്‍സി ആക്ട് പ്രകാരമുള്ള നടപടി റവന്യുവകുപ്പും സ്വീകരിച്ചാല്‍ മുട്ടില്‍ മരംമുറിയിലെ പ്രതികള്‍ കനത്ത നിയമനടപടി നേരിടേണ്ടിവരും.
