Breaking News

ചുവപ്പ് ഡയറിയുമായി മുന്‍ മന്ത്രി; വലിച്ച് പുറത്തേക്കിട്ട് കോണ്‍ഗ്രസ് എം.എല്‍.എമാര്‍

അശോക് ഗെഹ്‌ലോട്ട്, രാജേന്ദ്ര സിംഗ് ഗുധ

ജയ്പുര്‍: രാജസ്ഥാന്‍ നിയമസഭയിലേക്ക് ചുവപ്പ് ഡയറിയുമായി എത്തിയ മുന്‍ മന്ത്രിയെ വലിച്ച് പുറത്തേക്കിട്ട് കോണ്‍ഗ്രസ് എം.എല്‍.എമാര്‍. അശോക് ഗെഹ്‌ലോട്ട് മന്ത്രിസഭയില്‍നിന്ന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പുറത്താക്കപ്പെട്ട മന്ത്രി രാജേന്ദ്ര സിംഗ് ഗുധയെയാണ് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ കായികമായി നേരിട്ടത്. രാഷ്ട്രീയ അഴിമതികള്‍ തെളിയിക്കുന്ന രേഖകള്‍ തന്റെ കയ്യിലുള്ള ചുവന്ന ഡയറിയില്‍ ഉണ്ടെന്ന അവകാശവാദവുമായാണ് രാജേന്ദ്ര സിംഗ് ഗുധ നിയമസഭയിലേക്ക് കയറിയത്. രാജേന്ദ്ര സിംഗ് ഗുധയുടെ അവകാശവാദവുമായി ബന്ധപ്പെട്ട് ബി.ജെ.പി എം.എല്‍.എമാര്‍ ബഹളം വച്ചതിനെ തുടര്‍ന്ന് സഭ നിര്‍ത്തിവച്ചു.

ചുവപ്പ് ഡയറി സംഭവത്തില്‍ സ്പീക്കര്‍ സി.പി.ജോഷിയും രാജേന്ദ്ര സിംഗ് ഗുധയും തമ്മില്‍ വാഗ്വാദം ഉണ്ടായി. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗഹ്‌ലോട്ടിന്റെ വിശ്വസ്തനായ ധര്‍മ്മേന്ദ്ര സിംഗ് റത്തോഡ് നടത്തിയ അഴിമതികളാണ് തന്റെ പക്കലുള്ളതെന്നും മുഖ്യമന്ത്രിയുടെ യഥാര്‍ത്ഥ മുഖം തിരിച്ചറിയാന്‍ ഈ ഡയറിയിലെ വിവരങ്ങള്‍ സാധിക്കുമെന്നും രാജേന്ദ്ര സിംഗ് ഗുധ മാധ്യമങ്ങളോട് പറഞ്ഞു. അന്‍പതോളം വരുന്ന കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ അസംബ്ലിയില്‍നിന്ന് വലിച്ച് പുറത്തേക്കിട്ടുവെന്നും അദ്ദേഹം പറഞ്ഞു.

ഡയറി ഉയര്‍ത്തിക്കാട്ടി സംസാരിച്ച രാജേന്ദ്ര സിംഗ് ഗുധയോട് അടുത്തേക്ക് വരാന്‍ സ്പീക്കര്‍ സി.പി.ജോഷി ആവശ്യപ്പെട്ടു. തുടര്‍ന്ന് പാര്‍ലമെന്ററി കാര്യ മന്ത്രി ശാന്തി ധരിവാളിന് മുന്നിലെത്തിയ രാജേന്ദ്ര സിംഗ് ഗുധ ഉച്ചത്തില്‍ സംസാരിച്ചു. ബി.ജെ.പി എം.എല്‍.എമാരും അദ്ദേഹത്തെ പിന്തുണച്ച് രംഗത്തെത്തി. ബഹളത്തെ തുടര്‍ന്ന് സ്പീക്കര്‍ സഭ നിര്‍ത്തിവച്ചു. അശോക് ഗഹ്‌ലോട്ട് മന്ത്രിസഭയ്‌ക്കെതിരെ നിയമസഭയില്‍ സംസാരിച്ചതിനാണ് രാജേന്ദ്ര സിംഗ് ഗുധയെ കഴിഞ്ഞയാഴ്ച മന്ത്രിസഭയില്‍നിന്ന് പുറത്താക്കിയത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *