

ഷില്ലോംഗ്: മേഘാലയ മുഖ്യമന്ത്രി കൊണ്‍റാഡ് സാഗ്മയുടെ ടുറ നഗരത്തിലെ ഓഫീസ് ആക്രമിക്കപ്പെട്ട സംഭവത്തില്‍ 18 പേര്‍ പോലീസ് കസ്റ്റഡിയില്‍. ഇന്നലെ വൈകുന്നേരത്തോടെയായിരുന്നു മുഖ്യമന്ത്രി കൊണ്‍റാഡ് സാഗ്മയുടെ ഓഫീസിന് നേരെ ആക്രമണം ഉണ്ടായത്. ആക്രമണ സമയത്ത് മുഖ്യമന്ത്രി ഓഫീസില്‍ ഉണ്ടായിരുന്നു. ടൂറയെ ശൈത്യകാല തലസ്ഥാനമായി പ്രഖ്യാപിക്കണമെന്ന ആവശ്യം ഉന്നയിച്ച് സമരം നടത്തിയിരുന്നവരാണ് ആക്രമണം നടത്തിയത്.

ടൂറ നഗരത്തെ മേഘാലയ സംസ്ഥാനത്തിന്റെ ശൈത്യ കാല തലസ്ഥാനമാക്കണമെന്നാവശ്യപ്പെട്ട് എ.സി.എച്ച്.ഐ.കെ, ജി.എച്ച്.എസ്.എം.സി തുടങ്ങിയ സിവില്‍ സൊസൈറ്റി ഗ്രൂപ്പുകള്‍ നിരാഹാര സമരം നടത്തിവരികയായിരുന്നു. സമരക്കാരുമായി ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ എത്തിയതായിരുന്നു മുഖ്യമന്ത്രി. വൈകുന്നേരത്തോടെ ഓഫീസിന് പുറത്ത് പ്രതിഷേധക്കാര്‍ സംഘടിക്കുകയും അവരില്‍ ചിലര്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് നേരെ കല്ലേറ് നടത്തുകയും ചെയ്തു. ആക്രമണത്തില്‍ അഞ്ച് പൊലീസുകാര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍.

ആക്രമണത്തെ തുടര്‍ന്ന് ടൂറ നഗരത്തില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. സ്ഥലത്തേക്ക് കൂടുതല്‍ പൊലീസ് സേനയെ വിന്യസിച്ചു. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയും പ്രഖ്യാപിച്ചു. മുഖ്യമന്ത്രി സുരക്ഷിതനാണെങ്കിലും അദ്ദേഹത്തിന് ഓഫീസില്‍ നിന്ന് പുറത്തിറങ്ങാന്‍ സാധിച്ചിരുന്നില്ല. ഓഫീസിലേക്കുള്ള റോഡും പ്രതിഷേധക്കാര്‍ തടഞ്ഞു.
