

ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ കുന്നുവാരം യു പി സ്‌കൂളില്‍ വൈക്കം മുഹമ്മദ് ബഷീര്‍ ദിനം വിപുലമായി ആഘോഷിച്ചു. ആഘോഷ പരിപാടികളുടെ ഭാഗമായി എല്‍.പി.വിഭാഗം കുട്ടികള്‍ ഇമ്മിണി ബല്യ ഒന്ന് എന്ന കൃതിയെ ആസ്പദമാക്കിയും യു.പി.വിഭാഗത്തിലെ കുട്ടികള്‍ മതിലുകള്‍, ന്റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്ന് എന്നീ കൃതികളെ ആസ്പദമാക്കിയും നാടകങ്ങള്‍ അവതരിപ്പിച്ചു. സാധാരണക്കാരന്റെ ഭാഷയില്‍ സാധാരണക്കാനുംകൂടി വേണ്ടി തൂലിക ചലിപ്പിച്ച മലയാള സാഹിത്യത്തിലെ സുല്‍ത്താനായ വൈക്കം മുഹമ്മദ് ബഷീറിന്റെ നാടകങ്ങള്‍ കുട്ടികള്‍ അവതരിപ്പിച്ചത് കാണികള്‍ക്ക് നവ്യാനുഭവമായി മാറി.
കൂടാതെ കുട്ടികള്‍ക്ക് ഫ്രന്‍ഡ്‌സ് അസോസിയേഷന്‍ ലൈബ്രറി സന്ദര്‍ശിക്കാനും ബഷീറിന്റെ കൃതികളെ ആസ്പദമാക്കി പ്രശ്‌സ്ത കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ മണമ്പൂര്‍ രാജന്‍ ബാബുവുമായി സംവദിക്കാനുമുള്ള അവസരമൊരുക്കുകയും ചെയ്തു. ബഷീറിന്റെ കൃതികളെ ആസ്പദമാക്കിയും കവിത ചൊല്ലിയും അദ്ദേഹം കുട്ടികളുമായി സംവദിച്ചു. മധു.ജി.ആര്‍.ശശിധരന്‍ നായര്‍, ആറ്റിങ്ങല്‍ മോഹന്‍ലാല്‍, നന്ദകുമാര്‍, രാമചന്ദ്രന്‍ നായര്‍, വേണുഗോപാല്‍ എന്നിവര്‍ക്കൊപ്പം അധ്യാപകരും രക്ഷിതാക്കളും ചടങ്ങില്‍ പങ്കെടുത്തു.






