

കല്ലമ്പലം: കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന ‘പൂവനി പദ്ധതി’യുടെ ഭാഗമായി ഞെക്കാട് ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ പുഷ്പകൃഷിയ്ക്ക് തുടക്കമായി. ‘ഓണത്തിന് ഒരു കൈകുമ്പിള്‍ പൂവ്’ എന്ന ലക്ഷ്യവുമായി ആരംഭിച്ച പൂവനി പദ്ധതി ഒറ്റൂര്‍ കൃഷിഭവനുമായി ചേര്‍ന്നാണ് നടപ്പാക്കുന്നത്. ഓണക്കാലത്തേയ്ക്ക് ആവശ്യമായ പൂക്കള്‍ ലഭ്യമാക്കുക എന്നതാണ് പദ്ധതിയിലൂടെ കേരള സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഒറ്റൂര്‍ പഞ്ചായത്ത് രണ്ടാം വാര്‍ഡിലെ മതിരക്കോട് പ്രദേശത്തുള്ള പത്ത് സെന്റ് സ്ഥലത്താണ് വ്യത്യസ്ത ഇനങ്ങളിലുള്ള ചെണ്ടുമല്ലി തൈകള്‍ നട്ടത്.



ഒറ്റൂര്‍ കൃഷി ഭവനിലെ കൃഷി ഓഫീസര്‍ എന്‍.ലീന ചെണ്ടുമല്ലിയുടെ തൈ നട്ടു കൊണ്ട് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സ്‌കൂള്‍ അധ്യാപക രക്ഷകര്‍തൃ സമിതി പ്രസിഡന്റ് ഒ.ലിജ അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി ചെയര്‍മാന്‍ എസ്. അനില്‍കുമാര്‍, സ്‌കൂള്‍ അധ്യാപക രക്ഷാകര്‍തൃ സമിതി വൈസ് പ്രസിഡന്റ് സി.വി രാജീവ്, ഹൈസ്‌കൂള്‍ പ്രഥമാദ്ധ്യാപകന്‍ എന്‍.സന്തോഷ്, സ്റ്റാഫ് കൗണ്‍സില്‍ സെക്രട്ടറി ദീപ, അധ്യാപികമാരായ പ്രീതി, ദീപ, ശ്രീപ്രിയ എന്നിവര്‍ സംസാരിച്ചു. ഞെക്കാട് ഗവ.വി.എച്ച്.എസ് സ്‌കൂളിലെ അപ്പര്‍ പ്രൈമറി വിഭാഗം എക്കോ ക്ലബ്ബ്, സയന്‍സ് ക്ലബ്ബ് എന്നിവയിലെ അംഗങ്ങള്‍ സംയുക്തമായാണ് ചെണ്ടുമല്ലി പൂകൃഷിക്ക് നേതൃത്വം നല്‍കുന്നത്.


