
കൊല്ലം: ബൈക്ക് യാത്രികരായ യുവതിയെയും ഭര്‍ത്താവിനെയും അടിച്ചുവീഴ്ത്തി സ്വര്‍ണമാല കവര്‍ന്ന സംഭവത്തില്‍ യുവതിയുടെ അമ്മ നെജി(48)യെ പോലീസ് പിടികൂടി. വര്‍ക്കലയില്‍നിന്നാണ് ഇവരെ പിടികൂടിയത്. നെജി നല്‍കിയ ക്വട്ടേഷന്‍ പ്രകാരമാണ് അക്രമികള്‍ മൂത്ത മകള്‍ കൊട്ടാരക്കര പുലമണ്‍ ജംക്ഷനില്‍ വാടകയ്ക്ക് താമസിക്കുന്ന അഖിന(20)യെയും ഭര്‍ത്താവ് ജോബിനെ(24)യും അടിച്ചുവീഴ്ത്തിയതെന്ന് പൊലീസ് പറയുന്നു. ഇവരെ അടിച്ചു വീഴ്ത്തിയ അക്രമി സംഘം 9 പവന്റെ സ്വര്‍ണ്ണമാലയും കവര്‍ന്നിരുന്നു.
കഴിഞ്ഞ മാസം 24നായിരുന്നു സംഭവം. അഖിനയും ജോബിനും കാക്കക്കോട്ടൂരിലെ നെജിയുടെ വീട്ടിലേക്ക് വരുന്ന വഴിയാണ് സ്‌കൂട്ടറിലെത്തിയ 3 അംഗം സംഘം ആക്രമിച്ച് മാലപൊട്ടിച്ച് കടന്നുകളയുകയും ചെയ്തത്. ആക്രമണം നടത്തിയ കൊല്ലം മങ്ങാട് അറുനൂറ്റിമംഗലം ഷാര്‍ജ മന്‍സിലില്‍ ഷബിന്‍ഷ (ചിപ്പി29), വികാസ് ഭവനില്‍ വികാസ് (34), കരിക്കോട് മുതിരവിള വീട്ടില്‍ കിരണ്‍ (31) എന്നിവരെ ഈ മാസം 6ന് പൊലീസ് പിടികൂടിയിരുന്നു. ഇതോടെയാണ് നെജിയുടെ പങ്ക് പുറത്തുവന്നത്.
പ്രതികള്‍ പിടിയിലായ ശേഷം വീടുവിട്ട നെജി ഇളയ മകളുമൊത്ത് പല ഭാഗങ്ങളിലായി മാറിമാറി താമസിക്കുകയായിരുന്നു. മരുമകന്‍ ജോബിന്‍ പറഞ്ഞാല്‍ അനുസരിക്കാറില്ലെന്നും ഉപദ്രവിക്കുമായിരുന്നുവെന്നും നെജി പൊലീസിനോട് പറഞ്ഞു. ഇതാണ് 10,000 രൂപയ്ക്ക് ഷെബിന്‍ഷായ്ക്ക് ക്വട്ടേഷന്‍ നല്‍കാന്‍ കാരണം. നെജിയെ പൊലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്. ഇന്‍സ്‌പെക്ടര്‍ വി.എസ്. ശിവപ്രകാശ്, എസ്‌ഐ സി.ബാബുക്കുറുപ്പ്, ഡാന്‍സാഫ് എഎസ്‌ഐ ആഷിര്‍ കോഹൂര്‍, സിപിഒമാരായ വിബു, മഹേഷ് മോഹന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.