Breaking News

കോവിഡ് വ്യാപനം രൂക്ഷം: സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായതോടെ സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ഉത്തരവിറക്കി സര്‍ക്കാര്‍. ബസുകളില്‍ യാത്രക്കാരെ നിര്‍ത്തിക്കൊണ്ട് പോകാന്‍ പാടില്ല. നിര്‍ദ്ദേശം ലംഘിക്കുന്ന ബസുകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനാണ് മോട്ടോര്‍ വാഹന വകുപ്പിന് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ബസുകളിലും ട്രെയിനിലും ആളുകള്‍ തിങ്ങിനിറഞ്ഞ് യാത്ര ചെയ്യുന്നത് ഒഴിവാക്കാനുള്ള നടപടി സ്വീകരിക്കാന്‍ ഗതാഗത സെക്രട്ടറിയോട് നിര്‍ദേശിച്ചു.
കടകളും ഹോട്ടലുകളും 9 മണിക്ക് അടയ്ക്കണം. ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും സീറ്റിങ് കപ്പാസിറ്റിയുടെ 50% ആളുകളെ മാത്രം ഒരു സമയം അനുവദിക്കും. ഇവിടെങ്ങളില്‍ ഹോം ഡെലിവറി സംവിധാനം അല്ലെങ്കില്‍ ടേക്ക് ഹോം സംവിധാനം ഏര്‍പ്പെടുത്തണം. ഇതര സംസ്ഥാനങ്ങളില്‍നിന്ന് വരുന്ന എല്ലാവരും കോവിഡ് ജാഗ്രത സൈറ്റില്‍ റജിസ്റ്റര്‍ ചെയ്യണമെന്നും ചീഫ് സെക്രട്ടറി ഉത്തരവിട്ടു.
വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഉള്‍പ്പെടെയാണ് നിയന്ത്രണങ്ങള്‍. വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ കോവിഡ് പ്രോട്ടോകോള്‍ നടപ്പിലാക്കും. ആളുകള്‍ ഒരുമിച്ച് കൂടുന്ന സ്ഥലങ്ങളില്‍ സെക്ട്രല്‍ മജിസ്‌ട്രേറ്റിന്റെയും പൊലീസിന്റെയും സാന്നിധ്യം ഉണ്ടാകണം. അത്യാവശ്യമായ യോഗങ്ങളല്ലെങ്കില്‍ അതെല്ലാം മൂന്നാഴ്ചത്തേക്ക് നീട്ടിവയ്ക്കണം. ഭക്ഷണ വിതരണമുള്ള യോഗങ്ങളില്‍ ഭക്ഷണപ്പൊതികള്‍ നല്‍കണം. എല്ലാ ജില്ലകളിലും ആവശ്യമായ ഐസിയു ഉണ്ടെന്ന് ഉറപ്പാക്കാന്‍ ആരോഗ്യവകുപ്പിനോട് നിര്‍ദേശിച്ചു.
ഇന്‍ഡോര്‍ പരിപാടികളില്‍ നൂറും തുറന്ന വേദികളിലെ പരിപാടികളില്‍ 200 പേരിലും അധികം ഒത്തുചേരാന്‍ പാടില്ല, പൊതുപരിപാടികള്‍ രണ്ടു മണിക്കൂറില്‍ കൂടുതല്‍ നീട്ടാന്‍ പാടില്ല തുടങ്ങിയ നിയന്ത്രണങ്ങളാണ് ഇന്നലെ പ്രഖ്യാപിച്ചത്. ഇതില്‍ കൂടുതല്‍ ആളുകളെ പങ്കെടുപ്പിക്കണമെങ്കില്‍ പങ്കെടുക്കുന്ന എല്ലാവരും പരിപാടി നടക്കുന്നതിന് 72 മണിക്കൂറിനുള്ളില്‍ ആര്‍ടിപിസിആര്‍, ആര്‍ടി ലാംപ് എന്നിവയിലേതെങ്കിലും ടെസ്റ്റ് നടത്തി നെഗറ്റീവ് ആയവരോ കോവിഡ് വാക്സീന്‍ എടുത്തവരോ ആയിരിക്കണം. വിവാഹം, കലാ-കായിക-സാംസ്‌കാരിക പരിപാടികള്‍, ഉത്സവങ്ങള്‍ തുടങ്ങി എല്ലാ പൊതുപരിപാടികള്‍ക്കും ഇതു ബാധികമായിരിക്കും.
സിവില്‍സപ്ലൈസ്, ഹോര്‍ട്ടികോര്‍പ്, മത്സ്യഫെഡ്, മില്‍മ അടക്കമുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ നിത്യോപയോഗ സാധനങ്ങള്‍ ഓണ്‍ലൈനായി വീടുകളിലെത്തിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തണം. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ഉന്നതല യോഗം ചേര്‍ന്നു നിര്‍ദേശങ്ങള്‍ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും സമര്‍പ്പിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *