
തിരുവനന്തപുരം: ബന്ധു നിയമന വിവാദങ്ങള്‍ക്കൊടുവില്‍ മന്ത്രി കെ.ടി.ജലീല്‍ രാജിവെച്ചു. ധാര്‍മ്മികത മുന്‍നിര്‍ത്തി രാജി വയ്ക്കുന്നുവെന്നാണ് രാജിക്കത്തില്‍ പറഞ്ഞിരിക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് 12 മണിക്കാണ് മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറിയത്. രാജി ഗവര്‍ണര്‍ സ്വീകരിച്ചു.
ബന്ധു നിയമന വിവാദത്തില്‍ മന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്ന ലോകായുക്ത ഉത്തരവിനെതിരെ ജലീല്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ ഹൈക്കോടതി ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് അദ്ദേഹം രാജിക്കത്ത് കൊടുത്തത്.
എന്റെ രക്തം ഊറ്റിക്കുടിക്കാന്‍ വെമ്പുന്നവര്‍ക്ക് തല്‍ക്കാലം ആശ്വസിക്കാമെന്നാണ് രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറിയതിന് പിന്നാലെ അദ്ദേഹം ഫെയ്സ്ബുക്കിലൂടെ പ്രതികരിച്ചത്. സത്യപ്രതിജ്ഞാ ലംഘനവും സ്വജനപക്ഷപാതിത്വവും നടത്തിയ മന്ത്രിയെ പുറത്താക്കണമെന്ന ലോകായുക്ത വിധിയാണ് ജലീലിന് വിനയായത്.
യോഗ്യത മാനദണ്ഡം തന്നെ തിരുത്തിയാണ് ബന്ധുവായ കെ.ടി. അദീബിനെ ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പറേഷനില്‍ ജനറല്‍ മാനേജറായി ജലീല്‍ നിയമിച്ചത്. വിവാദം വലിയ ചര്‍ച്ചയായതോടെ അദ്ദേഹം മാനേജര്‍ സ്ഥാനം രാജിവെക്കുകയും ചെയ്തിരുന്നു. എന്നാല്‍ സ്ഥാനമൊഴിഞ്ഞാലും ചട്ടങ്ങള്‍ ലംഘിച്ച് നടത്തിയ നിയമനത്തിലെ സ്വജനപക്ഷപാതത്വം നിലനില്‍ക്കുമെന്ന് ലോകായുക്ത വിധിക്കുകയായിരുന്നു.