Breaking News

ജലീല്‍ രാജിവച്ചത് നില്‍ക്കക്കള്ളിയില്ലാതെയെന്ന് ചെന്നിത്തല

രമേശ് ചെന്നിത്തല

തിരുവനന്തപുരം: ലോകായുക്ത വിധിയെത്തുടര്‍ന്നുള്ള മന്ത്രി കെ.ടി.ജലീലിന്റെ രാജി നില്‍ക്കകള്ളിയില്ലാതെയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ധാര്‍മ്മികതയുണ്ടായിട്ടല്ല, പൊതുജന വികാരം ഭയന്നാണ് ജലീല്‍ രാജിവച്ചതെന്നും ചെന്നിത്തല പറഞ്ഞു. ധാര്‍മ്മികത പരിഗണിച്ചായിരുന്നെങ്കില്‍ രാജി വയ്ക്കാന്‍ മൂന്ന് ദിവസം കാത്തിരിക്കേണ്ട കാര്യമുണ്ടായിരുന്നോയെന്നും അദ്ദേഹം ചോദിച്ചു.
ലോകായുക്ത വിധി വന്നശേഷം രാജിവയ്ക്കുന്ന പ്രശ്നമില്ലെന്നാണ് നിയമ മന്ത്രി പറഞ്ഞത്. ബന്ധുക്കളെ നിയമിക്കരുതെന്ന് ഒരിടത്തും പറഞ്ഞിട്ടില്ലെന്നും മന്ത്രി പറഞ്ഞിരുന്നു. ആ സ്ഥിതിക്ക് ധാര്‍മികത പ്രസംഗിക്കാന്‍ സി.പി.എമ്മിന് എന്ത് അധികാരമാണ് ഉള്ളതെന്നും ധാര്‍മികതയുണ്ടായിരുന്നുവെങ്കില്‍ ഹൈക്കോടതിയില്‍ പോയി സ്റ്റേ വാങ്ങിക്കാനുള്ള നീക്കം നടത്തിയത് എന്തിനാണെന്നും ചെന്നിത്തല ചോദിച്ചു.
ലോകായുക്ത തീരുമാനം വന്ന ഉടന്‍ രാജി വെച്ചിരുന്നേല്‍ ധാര്‍മികത എന്ന് പറയാമായിരുന്നു. അധികാരത്തില്‍ തുടരാന്‍ എല്ലാ മാര്‍ഗങ്ങളും നോക്കി അവസാനം പാര്‍ട്ടിയ്ക്ക് പറയേണ്ടിവന്നു രാജിവയ്ക്കാന്‍. ഇതില്‍ എന്ത് ധാര്‍മ്മികതയാണുള്ളതെന്നും ചെന്നിത്തല ചോദിച്ചു. ധാര്‍മികമായി അല്‍പ്പമെങ്കിലും ഉത്തരവാദിത്വവും മാന്യതയും ഉണ്ടായിരുന്നെങ്കില്‍ നേരത്തെ തന്നെ രാജിവെച്ചേനെയെന്ന് കെ.പി.സി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രനും പറഞ്ഞു. മനസില്ലാ മനസോടെയാണ് ജലീലിന്റെ രാജിയെന്നും ബന്ധുനിയമന ഫയലില്‍ ഒപ്പുവെച്ചത് മുഖ്യമന്ത്രിയല്ലേയെന്നും ആ മുഖ്യമന്ത്രിയ്ക്ക് ധാര്‍മികതയുണ്ടോയെന്ന് അറിയണമെന്നും മുല്ലപ്പള്ളി പറഞ്ഞു.

Related posts

Leave a Reply

Your email address will not be published. Required fields are marked *