
വർക്കല : കോവിഡ് നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് നഗരസഭ കാര്യാലയത്തിൽ കോവിഡ് അവലോകനയോഗം കൂടി. നഗരസഭ കൗൺസിൽ അംഗങ്ങൾ, നഗരസഭാ ഉദ്യോഗസ്ഥർ, സെക്ടറൽ മജിസ്ട്രേറ്റ്, പോലീസ് ഉദ്യോഗസ്ഥർ എന്നിവർ അവലോകന യോഗത്തിൽ പങ്കെടുത്തു. തിങ്കളാഴ്ച മുതൽ ബി കാറ്റഗറി അനുസരിച്ചുള്ള കോവിഡ് നിയന്ത്രണങ്ങൾ നടപ്പിലാക്കാൻ അവലോകന യോഗത്തിൽ തീരുമാനമായി. ടി.പി.ആർ (ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്) നിരക്കിനനുസരിച്ചാണ് തദ്ദേശസ്ഥാപനങ്ങളുടെ കാറ്റഗറി നിശ്ചയിക്കുന്നത്.
ടി.പി.ആർ നിരക്ക് 8 ശതമാനത്തിൽ താഴെയാണെങ്കിൽ എ കാറ്റഗറിയും 8 ശതമാനത്തിനും 20 ശതമാനത്തിനും ഇടയിൽ ബി കാറ്റഗറിയും, 20 ശതമാനത്തിനും 30 ശതമാനത്തിനും ഇടയിൽ സി കാറ്റഗറിയും, 30 ശതമാനത്തിൽ കൂടുതൽ ആണെങ്കിൽ ഡി കാറ്റഗറിയും ആയിരിക്കും. നിലവിലെ ടി.പി.ആർ നിരക്കനുസരിച്ച് വർക്കല നഗരസഭ ബി കാറ്റഗറിയിലാണ് ഉൾപ്പെടുത്തുക.
ബി കാറ്റഗറി നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വന്നതോടെ നഗരസഭാ പരിധിയിൽ കൂടുതൽ ഇളവുകൾ ലഭിക്കും. പുന്നമൂട് മാർക്കറ്റ് തിങ്കളാഴ്ച മുതൽ തുറന്നു പ്രവർത്തിക്കും. എന്നാൽ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചുകൊണ്ടായിരിക്കും മാർക്കറ്റ് പ്രവർത്തിക്കുക. വ്യാപാരികളും പൊതുജനങ്ങളും മാസ്ക്,ഗ്ലൗസ്, സാനിറ്റൈസർ എന്നിവ കൃത്യമായി ഉപയോഗിക്കുകയും സാമൂഹ്യ അകലം നിർബന്ധമായി പാലിക്കുകയും വേണം. കോവിഡ് പ്രോട്ടോകോൾ ലംഘിക്കുന്നവർക്കെതിരെ കർശന നിയമനടപടികൾ ഉണ്ടാവുമെന്നും നഗരസഭാ ചെയർമാൻ കെ. എം.ലാജി പറഞ്ഞു.
അവശ്യസാധനങ്ങൾ വിൽക്കുന്ന സൂപ്പർമാർക്കറ്റുകൾ ശനി,ഞായർ ദിവസങ്ങളിലും പ്രവർത്തിക്കും. എന്നാൽ ശനി,ഞായർ ദിവസങ്ങളിൽ ഹോം ഡെലിവറി മാത്രമായിരിക്കും അനുവദിക്കുക. കൂടാതെ കടയ്ക്കകത്ത് ഒരു നൂറ് ചതുരശ്രയടി പരിധിയിൽ 5 ആൾക്കാർ മാത്രമേ നിൽക്കാൻ പാടുള്ളൂ. കടയ്ക്കുമുന്നിൽ കടയുടെ സ്ഥല വിസ്തീർണ്ണവും എത്രപേർക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ടെന്നും നിലവിൽ കടയിൽ എത്രപേരുണ്ടെന്നും കൃത്യമായ ഇടവേളകളിൽ രേഖപ്പെടുത്തണം. വാങ്ങാനെത്തുന്നവരുടെ പ്രാഥമികവിവരങ്ങൾ കസ്റ്റമർ രജിസ്റ്ററിൽ രേഖപ്പെടുത്തണം. കടയിലേക്കുള്ള പ്രവേശനകവാടത്തിൽ തെർമൽ സ്കാനിംഗിനുള്ള സംവിധാനം ഏർപ്പെടുത്തണം. കടയ്ക്കകത്തേക്ക് കയറുമ്പോഴും പുറത്തിറങ്ങുമ്പോഴും കൈകൾ സാനിറ്റയ്സിങ് ചെയ്യാനുള്ള സംവിധാനം ഉണ്ടായിരിക്കണം. കടകൾക്ക് പുറത്ത് ആളുകൾ കൂട്ടം കൂടാതെ സാമൂഹിക അകലം പാലിച്ചുകൊണ്ടുള്ള ക്യു ഉറപ്പാക്കണം. ഇക്കാര്യങ്ങൾ വ്യക്തമാക്കി നഗരസഭ ചെയർമാൻ കെ.എം ലാജിയുടെ നേതൃത്വത്തിൽ നഗരസഭാ കൗൺസിൽ ഹാളിൽ പത്രസമ്മേളനം നടത്തി.
കോവിഡ് പ്രോട്ടോകോൾ പരിശോധന നടത്തിയ നഗരസഭ ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്ത സാമൂഹ്യ വിരുദ്ധർക്കെതിരേയുള്ള പ്രതിഷേധവും നഗരസഭാ കാര്യാലയത്തിന് മുന്നിൽ നടന്നു. കക്ഷിരാഷ്ട്രീയ ഭേദമന്യേ എല്ലാ കൗൺസിലർമാരും നഗരസഭ ജീവനക്കാരും പ്രതിഷേധത്തിൽ പങ്കുചേർന്നു. അക്രമികൾക്കെതിരെ ശക്തമായ നിയമ നടപടികൾ പോലീസ് സ്വീകരിക്കണമെന്നും ജീവനക്കാർക്ക് പൂർണ സുരക്ഷിതത്വം ഉറപ്പാക്കണമെന്നും നഗരസഭാ ചെയർമാൻ കെ.എം ലാജി അറിയിച്ചു.

കൗൺസിലർമാരും നഗരസഭ ജീവനക്കാരും പ്രതിഷേധത്തിൽ