

വർക്കല :ചെമ്മരുതി പഞ്ചായത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് സി.പി.എം നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണസമിതി. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ മുന്നോട്ടുപോവുകയാണെന്ന് അവകാശപ്പെട്ട പഞ്ചായത്ത് ഭരണസമിതി പ്രതിപക്ഷമായ ബി.ജെ.പി ക്കെതിരെ രൂക്ഷമായ ആരോപണങ്ങളും ഉന്നയിച്ചു. ഇന്ന് രാവിലെ 11.30ന് വർക്കല പ്രസ് ക്ലബ്ബിൽ നടത്തിയ പത്ര സമ്മേളനത്തിലാണ് ചെമ്മരുതി പഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്ക ബിറിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷത്തിനെതിരെ ശക്തമായ ഭാഷയിൽ പ്രതികരിച്ചത്.
പ്രതിപക്ഷം വ്യാജ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്ന് പ്രിയങ്ക ബിറിൽ പറഞ്ഞു. പാലച്ചിറയിലെ സ്റ്റാവിയ ആശുപത്രിയുടെ കെട്ടിടത്തിൽ 60 ബെഡുകളുള്ള ഡി.സി.സി പ്രവർത്തിച്ചു വരികയാണ്. അറ്റാച്ച്ഡ് ടോയ്ലറ്റ് ഉൾപ്പെടെയുള്ള മികച്ച സൗകര്യങ്ങൾ ഇവിടെയുണ്ട്. കൂടാതെ ആശുപത്രി മുഴുവനായി ഏറ്റെടുക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ജില്ലാകളക്ടർക്ക് അപേക്ഷ നൽകികഴിഞ്ഞതായും പ്രിയങ്ക ബിറിൽ വ്യക്തമാക്കി. അതുപോലെ തന്നെ പഞ്ചായത്തിന്റെ കമ്മ്യൂണിറ്റി കിച്ചൻ നിർത്തലാക്കിയെന്ന ബി.ജെ.പിയുടെ ആരോപണം വസ്തുതാ വിരുദ്ധമാണെന്നും അവർ കൂട്ടിച്ചേർത്തു. ജില്ലാ പഞ്ചായത്തിൽ നിന്നും ഒരു വാർഡിൽ നാല് ഓക്സിമീറ്റർ വീതം അനുവദിച്ചിരുന്നു. ചില ബി.ജെ.പി കൗൺസിലർമാരൊഴികെ എല്ലാവരും ഈ ഓക്സിമീറ്ററുകൾ ആശാപ്രവർത്തകർ വഴി ജനങ്ങൾക്ക് പ്രയോജനപ്പെടുത്തി. ചില ബി.ജെ.പി കൗൺസിലർമാർ ഓക്സിമീറ്റർ കൈവശം വെയ്ക്കുകയോ സേവാഭാരതി പ്രവർത്തകരെ ഏൽപ്പിക്കുകയോ ചെയ്തതായും പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.ലിനീഷ് ആരോപിച്ചു. ഒടുവിൽ പഞ്ചായത്ത് പ്രസിഡന്റ് കർശനമായ നിർദ്ദേശം നൽകിയതോടെയാണ് ബി.ജെ.പി കൗൺസിലർമാർ ഓക്സിമീറ്റർ ആശാവർക്കർമാർക്ക് കൈമാറിയത്. അദ്ദേഹം വ്യക്തമാക്കി.
നാല് ജനകീയ ഹോട്ടലുകൾ വഴി പഞ്ചായത്തിലെ ഭക്ഷണം ആവശ്യമുള്ള എല്ലാവർക്കും ഭക്ഷണം എത്തിക്കുന്നുണ്ട്. ബി.ജെ.പി കൗൺസിലർമാരുടെ വാർഡുകളിൽ ഭക്ഷണം വേണ്ടെന്ന് അവർ തന്നെ പറഞ്ഞിട്ടുണ്ടെന്നും അതിന്റെ തെളിവുകൾ കൈവശമുണ്ടെന്നും പ്രിയങ്കാ ബിറിൽ അവകാശപ്പെട്ടു. ബി.ജെ.പി നേതാക്കൾ കോവിഡ് മഹാമാരിക്കിടയിൽ രാഷ്ട്രീയം കളിക്കുകയാണെന്നും കുറ്റപ്പെടുത്തലുണ്ടായി. ജനകീയ ഹോട്ടലുകൾ വഴി പഞ്ചായത്ത് വിതരണം ചെയ്യുന്ന ഭക്ഷണം സേവാഭാരതിയുടെ വാഹനത്തിൽ വിതരണംചെയ്ത് ക്രെഡിറ്റ് സ്വന്തമാക്കാനാണ് ബി.ജെ.പിക്കാർ ശ്രമിച്ചത്. എന്നാൽ അത് പഞ്ചായത്ത് വിലക്കി. ഇതോടെയാണ് ബി.ജെ.പി പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതികാരബുദ്ധിയോടെ പ്രവർത്തിക്കാൻ തുടങ്ങിയതെന്നും പ്രിയങ്ക ബിറിൽ ആരോപണം ഉന്നയിച്ചു.
കോവിഡ് വാർ റൂം ആരംഭിക്കാൻ നിർദേശം ലഭ്യമാക്കിയ ഉടൻ പഞ്ചായത്ത് ഭരണസമിതി കോവിഡ് വാർ റൂം തയ്യാറാക്കി. അതിപ്പോഴും പ്രവർത്തിക്കുന്നുണ്ട്. ഡി.സി.സിയിൽ മികച്ച ഭക്ഷണവും ഡോക്ടർമാരുടെ സേവനവും മരുന്നുകളും ലഭ്യമാണ്. പഞ്ചായത്ത് പരിധിയിൽ കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ആയുർവേദ മരുന്നുകൾ നൽകിവരുന്നു. പഞ്ചായത്തിലെ 19 വാർഡുകളിലും ഹോമിയോ പ്രതിരോധ മരുന്നുകൾ വിതരണം ചെയ്യുകയും ചെയ്തുവെന്നും പഞ്ചായത്ത് ഭരണസമിതി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ കുറിച്ച് വിശദീകരിച്ചു.
24 മണിക്കൂറും പ്രവർത്തിക്കുന്ന ആംബുലൻസ് സേവനങ്ങളും പഞ്ചായത്തിലുടനീളം ഉപയോഗിച്ച് അണു നശീകരണ പ്രവർത്തനങ്ങളും ലഭ്യമാക്കിയിട്ടുണ്ട്. കേന്ദ്ര സർക്കാരിന്റെ ഒരു ഫണ്ട് പോലും പഞ്ചായത്തിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ലഭിക്കുന്നില്ലെന്നും പഞ്ചായത്ത് ഭരണസമിതി ആരോപിച്ചു. പോലീസിന്റെ ഭാഗത്തുനിന്നും കൂടുതൽ മെച്ചപ്പെട്ട പെട്രോളിംഗ് സംവിധാനം കൊവിഡ് പ്രതിരോധത്തിൽ ഉണ്ടാകേണ്ടതുണ്ടെന്നും ഭരണസമിതി അഭിപ്രായപ്പെട്ടു.
പഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്ക ബിറിലിനൊപ്പം വൈസ് പ്രസിഡന്റ് ആർ.ലിനീഷ്, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നജ്മ സാബു, വാർഡ് മെമ്പർമാരായ ജി.എസ് സുനിൽ, കെ. ബി മോഹൻലാൽ, അഭിരാജ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.