

വർക്കല: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന് എതിരെയുള്ള പോലീസ് അതിക്രമം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ബിജെപി വർക്കല നിയോജക മണ്ഡലം കമ്മിറ്റി വർക്കല മൈതാനിയിൽ സത്യാഗ്രഹ സമരം നടത്തി. മണ്ഡലം ജനറൽ സെക്രട്ടറി സജി പി മുല്ലനല്ലൂരിന്റെ അദ്ധ്യക്ഷതയിൽ കൂടിയ സത്യാഗ്രഹ സമരം ജില്ലാ സെക്രട്ടറിയും മണ്ഡലം പ്രഭാരിയുമായ ബാലമുരളി ഉത്ഘാടനം ചെയ്തു. സിപിഎം നേതൃത്വം കൊടുക്കുന്ന പിണറായി സർക്കാരും അവരുടെ പോലീസും മാദ്ധ്യമങ്ങളെ സാമ്പത്തികം നൽകി കൂട്ടുപിടിച്ച് കെ.സുരേന്ദ്രന് എതിരെ കുപ്രചരണം നടത്തുകയായിരുന്നു എന്ന് ബാലമുരളി പറഞ്ഞു.
ഇന്ന് കൊടകര കേസ് എവിടെയെത്തി നിൽക്കുന്നു. എന്തേ മാദ്ധ്യമങ്ങൾ അന്തിചർച്ചകൾ അവസാനിപ്പിച്ചു? അവർക്കും സത്യം ബോദ്ധ്യമായിരിക്കുന്നു. കൊടകര കേസ് പകലന്തിയോളം ചർച്ചക്ക് വിധേയമാക്കിയ മാദ്ധ്യമങ്ങൾ എന്തുകൊണ്ടാണ് പത്തനാപുരത്ത് നടന്ന ഭീകരവാദ പരിശീലനത്തെ കുറിച്ച് ചർച്ച നടത്താൻ മടിക്കുന്നത്.
ദേശീയതയിലൂന്നി സംശുദ്ധ രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന ഭാരതീയ ജനതാ പാർട്ടിയേയും സംസ്ഥാന അദ്ധ്യക്ഷനേയും കുപ്രചരണങ്ങളിലൂടെ തളർത്താം എന്നത് സിപിഎമ്മിന്റെ വ്യാമോഹം മാത്രമാണ്. പാർട്ടി ഒറ്റക്കെട്ടായി ഈ കുപ്രചരണത്തെ ചെറുത്തു തോൽപ്പിക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മണ്ഡലം ജനറൽ സെക്രട്ടറി സുധീർ തച്ചോട് സ്വാഗതം ആശംസിച്ച സത്യാഗ്രഹ സമരത്തിൽ മണ്ഡലം വൈസ് പ്രസിഡന്റ് വിജി.വി, മണ്ഡലം സെക്രട്ടറിമാരായ ഗോകുൽ സദാശിവൻ, പ്രിയ ഗോപൻ, വിജയകുമാർ, നോർത്ത് കമ്മിറ്റി പ്രസിഡന്റ് വിജയദാസ്, സൗത്ത് കമ്മിറ്റി ജനറൽസെക്രട്ടറി സുമേഷ്, വൈസ് പ്രസിഡന്റ് ഷാമിൽ രാജ്, കൗൺസിലർമാരായ അനീഷ്, രാഖി, ഉണ്ണികൃഷ്ണൻ, ഷീന ഗോവിന്ദ്, സിന്ധു സുനിൽകുമാർ എന്നിവർ പങ്കെടുത്തു.
ഒബിസി മോർച്ച മണ്ഡലം ജനറൽ സെക്രട്ടറിയും വർക്കല നഗരസഭാ പ്രതിപക്ഷ നേതാവുമായ അഡ്വ: അനിൽകുമാർ സത്യാഗ്രഹ സമരത്തിൽ കൃതജ്ഞത രേഖപ്പെടുത്തി.