
തിരുവനന്തപുരം: തുമ്പ കിന്‍ഫ്ര പാര്‍ക്കിലെ മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്റെ മരുന്ന് സംഭരണ കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തില്‍ ആറ്റിങ്ങല്‍ സ്വദേശിയായ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം. ചാക്ക ഫയര്‍ ഫോഴ്സ് യൂണിറ്റിലെ ഫയര്‍മാനായ രഞ്ജിത്താണ് (32) തീയണയ്ക്കാനുള്ള ശ്രമത്തിനിടെ മരിച്ചത്. തീ അണക്കാനുളള ശ്രമത്തിനിടെ കെട്ടിടത്തിന്റെ ഒരു ഭാഗം രഞ്ജിത്തിന്റെ ശരീരത്തിലേക്ക് വീഴുകയായിരുന്നു. തീ ആളിപ്പടരുന്നതിനിടെ ഉള്ളില്‍ കുടുങ്ങിപ്പോയ രഞ്ജിത്തിനെ ഏറെ പരിശ്രമത്തിനിടെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ സാധിച്ചില്ല.
ആറ്റിങ്ങല്‍ കരിച്ചിയില്‍ ജെ.എസ് നിവാസില്‍ ബാബു-സിന്ധു ദമ്പതികളുടെ ഇളയ മകനാണ് മരണപ്പെട്ട രഞ്ജിത്ത്. അതിരാവിലെ തന്നെ രഞ്ജിത്തിന്റെ മരണവാര്‍ത്ത നാട്ടില്‍ പരന്നതോടെ ബന്ധുക്കളും സുഹൃത്തുക്കളും അടക്കമുള്ളവര്‍ രഞ്ജിത്തിന്റെ വീട്ടില്‍ തടിച്ചുകൂടി. ഈ മാസം ആദ്യം രഞ്ജിത്തിന്റെ ജേഷ്ഠനായ ശ്രീജിത്തിന്റെ വിവാഹം കഴിഞ്ഞിരുന്നു.
വിവാഹ ചടങ്ങുകള്‍ കഴിഞ്ഞ് ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് സന്തോഷത്തെ സങ്കടക്കടലാക്കി മാറ്റി കൊണ്ട് രഞ്ജിത്തിന്റെ വിയോഗം. പോസ്റ്റ്മോര്‍ട്ടം കഴിഞ്ഞ് തിരുവനന്തപുരം ചെങ്കല്‍ചൂളയിലെ ഫയര്‍ഫോഴ്സ് ആസ്ഥാനത്തും, രഞ്ജിത്ത് ജോലി നോക്കിയിരുന്ന ചാക്ക യൂണിറ്റിലും പൊതുദര്‍ശനത്തിന് വച്ച ശേഷം ഉച്ചക്ക് ഒരു മണിക്ക് രഞ്ജിത്തിന്റെ വീടിന് സമീപത്തുള്ള കുടുംബവീടായ ജയവിലാസത്തില്‍ ഔദ്യോഗിക ബഹുമതികളോടെ സംസ്കാര ചടങ്ങുകള്‍ നടക്കും.

പുലര്‍ച്ചെ ഒന്നരയോടെയാണ് മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്റെ മരുന്ന് സംഭരണ കേന്ദ്രത്തില്‍ തീപിടിത്തമുണ്ടായത്. കെട്ടിടം പൂര്‍ണമായും കത്തിനശിച്ചു. സെക്യൂരിറ്റി മാത്രമാണ് തീപിടിച്ച സമയത്ത് ഇവിടെ ഉണ്ടായിരുന്നത്. കെട്ടിടത്തിനുള്ളില്‍ സൂക്ഷിച്ചിരുന്ന ബ്ലീച്ചിംഗ് പൗഡറിന് തീപിടിച്ചെന്നാണ് പ്രാഥമിക നിഗമനം. തീപിടിച്ചതിന് തൊട്ടുപിന്നാലെ വന്‍ ശബ്ദത്തില്‍ ഗോഡൗണ്‍ പൊട്ടിത്തെറിക്കുകയായിരുന്നു. തീ പൂര്‍ണ്ണമായി അണച്ചതായി സിറ്റി പോലീസ് കമ്മീഷണര്‍ സ്പര്‍ജന്‍ കുമാര്‍ അറിയിച്ചു.