
തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വണ്‍ സീറ്റുകളുടെയും അപേക്ഷകരുടെയും കണക്കെടുക്കാനും ഓരോ ജില്ലയിലും ആവശ്യാനുസരണം സീറ്റുകള്‍ വര്‍ധിപ്പിക്കാനും സര്‍ക്കാര്‍ തീരുമാനം. പാലക്കാട് മുതല്‍ കാസര്‍കോഡ് വരെയുള്ള വടക്കന്‍ ജില്ലകള്‍ക്കായിരിക്കും കൂടുതല്‍ സീറ്റുകള്‍ അനുവദിക്കുക. നിലവില്‍ മധ്യകേരളത്തില്‍ സീറ്റുകള്‍ അധികമുള്ളപ്പോള്‍ വടക്കന്‍ ജില്ലകളില്‍ എണ്ണം കുറവാണ്.
14,900 പ്ലസ് വണ്‍ സീറ്റുകളുള്ള പത്തനംതിട്ട ജില്ലയില്‍ ഇത്തവണ 10194 കുട്ടികളാണ് എസ്.എസ്.എല്‍.സി പാസായത്. 22250 സീറ്റുകളുള്ള കോട്ടയം ജില്ലയില്‍ 18886 കുട്ടികളാണ് എസ്.എസ്.എല്‍.സി ജയിച്ചത്. എന്നാല്‍ മലപ്പുറത്ത് 77827 പേര്‍ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയപ്പോള്‍ നിലവിലുള്ള സീറ്റുകളുടെ എണ്ണം 53250 മാത്രമാണ്. 24577 സീറ്റുകളുടെ കുറവാണ് ഇവിടെയുള്ളത്. വടക്കന്‍ ജില്ലകളുടെ പൊതുവേയുള്ള സ്ഥിതി ഇതാണ്.
വിദ്യാഭ്യാസ ജില്ല അടിസ്ഥാനമാക്കി കണക്കെടുപ്പ് നടത്തി സീറ്റുകള്‍ വര്‍ധിപ്പിക്കുന്നതാണ് പരിഗണനയിലുള്ളതെന്നാണ് സൂചന. ഒന്നാം ഘട്ട അലോട്ട്‌മെന്റിന് ശേഷം ഇക്കാര്യത്തില്‍ തീരുമാനം വന്നേക്കും. കഴിഞ്ഞ അധ്യയന വര്‍ഷം ആരംഭിച്ച 81 ബാച്ചുകള്‍ നിലനിര്‍ത്തിയേക്കും. പ്ലസ് വണ്‍, ഐ.ടി.ഐ, പോളിടെക്‌നിക് ഉള്‍പ്പെടെ നാല് ലക്ഷത്തി അറുപത്തി അയ്യായിരത്തോളം സീറ്റുകളാണുള്ളത്.
