
തിരുവനന്തപുരം: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പിന്‍വലിച്ച 2000 രൂപ നോട്ടുകള്‍ ഇന്ന് മുതല്‍ ബാങ്കുകളില്‍നിന്ന് മാറ്റി വാങ്ങാം. ഇതുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്ക് ആശ്വാസം നല്കുന്ന നിര്‍ദ്ദേശങ്ങള്‍ ആര്.ബി.ഐ ബാങ്കുകള്‍ക്ക് നല്കി. നോട്ട് മാറാനെത്തുന്നവര്‍ തിരിച്ചറിയല്‍ രേഖ നല്‍കേണ്ടതില്ല എന്നതാണ് പ്രധാനപ്പെട്ട നിര്‍ദ്ദേശം. നോട്ട് മാറാന്‍ വരുന്നവര്‍ക്ക് തണല്‍ നല്കുന്ന കാത്തിരിപ്പ് കേന്ദ്രവും കുടിവെള്ളം നല്‍കാനുള്ള സംവിധാനങ്ങളും ഒരുക്കണമെന്നും ആര്.ബി.ഐ ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഒരേ സമയം പത്ത് നോട്ടുകള്‍ മാത്രമാണ് മാറ്റിവാങ്ങാന്‍ സാധിക്കുക. സെപ്തംബര്‍ 30 വരെയാണ് നോട്ടുകള്‍ മാറ്റിവാങ്ങാന്‍ സമയം അനുവദിച്ചിട്ടുള്ളതെങ്കിലും ബാങ്കുകളില്‍ തിരിച്ചെത്തുന്ന നോട്ടുകളുടെ എണ്ണം പരിശോധിച്ചശേഷം സമയം നീട്ടിനല്കുന്നതില് ആര്.ബി.ഐ തീരുമാനം എടുക്കുമെന്നാണ് സൂചന.
