Breaking News

വയനാട് ദുരന്ത ബാധിതരുടെ സാമ്പത്തിക ബാധ്യത; സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി യോഗം ഇന്ന്

തിരുവനന്തപുരം: വയനാട് ദുരന്ത ബാധിതരുടെ സാമ്പത്തിക ബാധ്യതയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ തീരുമാനമെടുക്കാന്‍ സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി ഇന്ന് യോഗം ചേരും. തിരുവനന്തപുരത്ത് നടക്കുന്ന യോഗത്തില്‍ വിവിധ ബാങ്ക് പ്രതിനിധികളടക്കം പങ്കെടുക്കും. ദുരിത ബാധിതരില്‍നിന്നും തിരിച്ചടവ് ഈടാക്കുന്ന കാര്യത്തില്‍ അനുഭാവപൂര്‍വമായ നടപടികള്‍ കൈക്കൊള്ളണമെന്ന് പൊതുവില്‍ അഭിപ്രായം ഉയരുന്നുണ്ട്. കഴിഞ്ഞ ദിവസം വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരില്‍ നിന്ന് ഗ്രാമീണ്‍ ബാങ്ക് വായ്പാ തിരിച്ചടവ് പിടിച്ചത് വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ഗ്രാമീണ്‍ ബാങ്ക് പിടിച്ച പണം തിരികെ നല്‍കുമെന്ന് ബാങ്കേഴ്‌സ് സമിതി ജനറല്‍ മാനേജര്‍ കെ.എസ്.പ്രദീപ് വ്യക്തമാക്കി.

അടിയന്തര സഹായമായി സര്‍ക്കാര്‍ ദുരിതബാധിതര്‍ക്ക് നല്‍കിയ 10,000 രൂപയില്‍ നിന്ന് 5,000 രൂപ വരെ പലരില്‍ നിന്നും ബാങ്കുകള്‍ ഈടാക്കിയിരുന്നു. ദുരിത ബാധിതരുടെ അക്കൗണ്ടുകളില്‍ നിന്ന് ഇ.എം.ഐ ഈടാക്കുന്നത് അടക്കം നടപടികള്‍ വലിയ വിമര്‍ശനത്തിനും ഇടയാക്കിയിട്ടുണ്ട്. ഈടും വസ്തുവകകളും നഷ്ടമായവരുടെ ബാധ്യതകള്‍ എഴുതിത്തള്ളുകയോ വായ്പകള്‍ക്ക് മൊറൊട്ടോറിയം ഏര്‍പ്പെടുത്തുകയോ ചെയ്യാന്‍ നടപടികളുണ്ടായേക്കും. ഇതിനകം ഈടാക്കിയ മാസതവണകള്‍ തിരിച്ച് നല്‍കാന്‍ തീരുമാനവും എസ്.എല്‍.ബി.സി യോഗത്തില്‍ പ്രതീക്ഷിക്കുന്നുണ്ട്. എല്ലാ ബാങ്കുകളുടെയും ഉന്നത അധികാരികള്‍ യോഗത്തില്‍ പങ്കെടുക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *