

തിരുവനന്തപുരം: വീട് നിരീക്ഷിക്കാന്‍ പ്രത്യേക നിരീക്ഷണ സംവിധാനവുമായി കേരളാ പോലീസ്. അവധിക്കാലത്ത് വീടുപൂട്ടി യാത്രചെയ്യുന്നവര്‍ അക്കാര്യം പോലീസിന്റെ മൊബൈല്‍ ആപ്പ് വഴി അറിയിച്ചാല്‍ വീട്ടിലും പരിസരത്തും പ്രത്യേക പൊലീസ് നിരീക്ഷണം ഏര്‍പ്പെടുത്തും. പോലീസിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്പായ പോല്‍-ആപ്പ് ഡൗണ്‍ലോഡ് ചെയ്തശേഷം അതിലെ ലോക്ക്ഡ് ഹൗസ് ഇന്‍ഫര്‍മേഷന്‍ എന്ന വിഭാഗത്തിലാണ് ഇതിനായി അപേക്ഷിക്കേണ്ടത്. യാത്ര പുറപ്പെടുന്നതിനു 48 മണിക്കൂര്‍ മുന്‍പെങ്കിലും വിവരം നല്‍കണം.



യാത്രപോകുന്ന ദിവസങ്ങള്‍, വീട് സ്ഥിതി ചെയ്യുന്ന സ്ഥലം, വിലാസം, ബന്ധുവിന്റെയോ അയല്‍വാസിയുടെയോ പേരും ഫോണ്‍ നമ്പറും എന്നിവ ആപ്പില്‍ നല്‍കേണ്ടതുണ്ട്. പരമാവധി 14 ദിവസം വരെ വീടും പരിസരവും പോലീസ് നിരീക്ഷണത്തിലായിരിക്കും. ഏപ്രില്‍ ഒന്ന് മുതല്‍ മെയ് ആറ് വരെ സംസ്ഥാനത്ത് ഈ സൗകര്യം വിനിയോഗിച്ചത് 1231 പേരാണ്. ഗൂഗിള്‍ പ്ലേസ്റ്റോറിലും ആപ്പ്‌സ്റ്റോറിലും പോല്‍-ആപ്പ് ലഭ്യമാണ്.




