
തിരുവനന്തപുരം: കേരള ജനതയുടെ വേഗയാത്ര യാഥാര്‍ത്ഥ്യമാക്കിക്കൊണ്ട് കേരളത്തിന് അനുവദിച്ച ആദ്യ വന്ദേഭാരത് എക്‌സ്പ്രസിന് ഫ്ളാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. 11 ജില്ലകളിലൂടെ സര്‍വീസ് നടത്തുന്ന കേരളത്തിലെ ആദ്യത്തെ വന്ദേഭാരത് എക്‌സ്പ്രസിന് തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനിലാണ് പ്രധാനമന്ത്രി പച്ചക്കൊടി വീശിയത്. പ്രൗഢഗംഭീരമായ ഉദ്ഘാടന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് തുടങ്ങിയവര്‍ പങ്കെടുത്തു. സ്ഥിരം സ്റ്റോപ്പുകള്‍ക്ക് പുറമേ കായംകുളം, ചെങ്ങന്നൂര്‍, തിരുവല്ല, ചാലക്കുടി, തിരൂര്‍, തലശ്ശേരി, പയ്യന്നൂര്‍ എന്നീ സ്റ്റേഷനുകളില്‍ ഇന്ന് വന്ദേ ഭാരതിന് സ്റ്റോപ്പ് ഉണ്ടായിരിക്കും. 26ന് കാര്‍സര്‍കോട്ടുനിന്നും 28ന് തിരുവനന്തപുരത്തുനിന്നും വന്ദേ ഭാരത് സാധാരണ സര്‍വ്വീസ് ആരംഭിക്കും. തിരുവനന്തപുരത്തുനിന്നും കാസര്‍കോട് എത്തിച്ചേരാന്‍ 8 മണിക്കൂര്‍ 5 മിനിട്ടാണ് വന്ദേ ഭാരതിന് വേണ്ടിവരിക. ട്രാക്കുകളുടെ വളവുകള്‍ നിവര്‍ത്തി വേഗത കൂട്ടാനുള്ള നടപടികള്‍ പുരോഗമിക്കുന്നതിന് അനുസരിച്ച് വേഗത വര്‍ദ്ധിപ്പിച്ച് കൂടുതല്‍ സമയലാഭം നേടാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ.