Breaking News

എ.ഐ ക്യാമറ: നിയമലംഘനം കുറഞ്ഞെന്ന് വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനമൊട്ടാകെ റോഡുകളില്‍ എ.ഐ ക്യാമറകള്‍ പ്രവര്‍ത്തനം ആരംഭിച്ചതോടെ റോഡിലെ നിയമലംഘനങ്ങള്‍ കുറഞ്ഞുവെന്ന കണക്കുമായി മോട്ടോര്‍ വാഹനവകുപ്പ്. എ.ഐ ക്യാമറകളുടെ ഉദ്ഘാടനത്തിന് മുന്‍പ് പ്രതിദിനം ശരാശരി നാല് ലക്ഷത്തോളം പേര്‍ ക്യാമറയില്‍ കുടുങ്ങിയിരുന്നത് ഇപ്പോള്‍ ശരാശരി രണ്ടര ലക്ഷമായി കുറഞ്ഞുവെന്നാണ് വകുപ്പ് പറയുന്നത്. ക്യാമറ സ്ഥാപിച്ചതിന് പിന്നാലെ കാല്‍ ലക്ഷത്തോളം നിയമലംഘനങ്ങളാണ് ഒരാഴ്ച കൊണ്ട് ക്യാമറയില്‍ കുടുങ്ങിയത്. എന്നാല്‍ കോടികള്‍ മുടക്കിയ എഐ ക്യാമറ, പദ്ധതിയുടെ ഉദ്ഘാടനം കഴിഞ്ഞ് അഞ്ച് ദിവസമാകുമ്പോഴും പൂര്‍ണ തോതില്‍ പ്രവര്‍ത്തിച്ച് തുടങ്ങിയിട്ടില്ല. മുന്നറിയിപ്പ് നോട്ടിസ് അയയ്ക്കുന്നതിനെ ചൊല്ലി കെല്‍ട്രോണും മോട്ടോര്‍വാഹന വകുപ്പും തമ്മിലുള്ള തര്‍ക്കമാണ് കാരണം. നിയമലംഘകര്‍ക്ക് ഒരു മാസത്തേക്ക് പിഴയീടാക്കാതെ മുന്നറിയിപ്പ് നോട്ടിസ് അയക്കാനായിരുന്നു തീരുമാനം. പിഴയീടാക്കാതെ മുന്നറിയിപ്പ് നോട്ടിസ് അയക്കണമെങ്കില്‍ അതിന് രേഖാമൂലം പ്രത്യേക ഉത്തരവ് നല്‍കണമെന്നാണ് കെല്‍ട്രോണിന്റെ ആവശ്യം. ക്യാമറ സ്ഥാപിച്ചതോടെ ഉയര്‍ന്നുവന്ന വിവാദങ്ങളും സജീവ ചര്‍ച്ചയായി തുടരുന്നുണ്ട്. എ.ഐ ക്യാമറകള്‍ സ്ഥാപിച്ചതിന് പിന്നില്‍ അഴിമതി ആരോപണവുമായി പ്രതിപക്ഷം രംഗത്തുവന്നു. ക്യാമറകളുടെ പ്രവര്‍ത്തനം വ്യക്തികളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നും ഇക്കാര്യത്തിലെ നിയമസാധുത ചര്‍ച്ച ചെയ്യപ്പെടേണ്ടതാണെന്ന ആവശ്യവും പൊതുസമൂഹത്തില്‍ ഉയര്‍ന്നുവരുന്നുണ്ട്.

Related posts

Leave a Reply

Your email address will not be published. Required fields are marked *