Breaking News

മദ്യപിക്കാന്‍ പണം നല്‍കിയില്ല; മാതാപിതാക്കള്‍ക്ക് മകന്റെ ക്രൂര മര്‍ദ്ദനം

മകന്റെ മര്‍ദ്ദനമേറ്റ മാതാപിതാക്കള്‍

ആറ്റിങ്ങല്‍: മദ്യപിക്കാന്‍ പണം നല്‍കാത്തതിന്റെ വൈരാഗ്യത്തില്‍ മാതാക്കളെ മകന്റെ ക്രൂര മര്‍ദ്ദനം. ആറ്റിങ്ങല്‍ പൊയ്കമുക്ക് ലക്ഷ്മിവിള തടത്തരികത്ത് വീട്ടില്‍ ശശികല(58), ഭര്‍ത്താവ് ആനന്ദന്‍(62) എന്നിവര്‍ക്കാണ് മകനില്‍നിന്നും മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ ശശികലയുടെ മകന്‍ അനീഷിനെ പോലീസ് തിരയുന്നു. മദ്യപിക്കാന്‍ പണം നല്‍കാത്തതിന്റെ വൈരാഗ്യത്തിലാണ് പ്രതി തങ്ങളെ മര്‍ദ്ദിച്ചതെന്ന് മാതാപിതാക്കള്‍ ആറ്റിങ്ങല്‍ പോലീസിനോട് പറഞ്ഞു. പ്രതി മദ്യപിക്കാനായി മാതാപിതാക്കളില്‍നിന്ന് നിരന്തരം പണം ആവശ്യപ്പെടാറുണ്ടായിരുന്നു. എന്നാല്‍ മാതാപിതാക്കള്‍ പണം നല്‍കാന്‍ തയാറാകാതെ വന്നതോടെയാണ് പ്രതി മദ്യപിച്ച് വീട്ടിലെത്തി ഹാളില്‍നില്‍ക്കുകയായിരുന്ന ശശികലക്കുനേരെ അസഭ്യവര്‍ഷം നടത്തുകയും മര്‍ദ്ദിക്കുകയും ചെയ്തത്.

ശശികലയെ ഉപദ്രവിക്കുന്നത് കണ്ട് തടയാനെത്തിയ ഭര്‍ത്താവ് ആനന്ദനെയും പ്രതി കമ്പി വടികൊണ്ട് മര്‍ദ്ദിക്കുകയായിരുന്നു. വീട്ടില്‍ ഉണ്ടായിരുന്ന വിലപിടിപ്പുള്ള രേഖകളും വീട്ടുസാധനങ്ങളും പ്രതി കൂട്ടിയിട്ട് കത്തിക്കുകയും ചെയ്തു. ഇതുവഴി ഒരു ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായും പരാതിക്കാര്‍ പോലീസിന് മൊഴി നല്‍കി. വീട്ടുസാധനങ്ങള്‍ കത്തിച്ച സമയത്ത് സമീപം ഗ്യാസ് സിലിണ്ടര്‍ ഉണ്ടായിരുന്നു. എന്നാല്‍ ഭാഗ്യം ഒന്നുകൊണ്ടു മാത്രമാണ് ഗ്യാസ് സിലിണ്ടര്‍ തീപിടിച്ച് പൊട്ടിത്തെറിക്കാതെ വൃദ്ധദമ്പതികള്‍ രക്ഷപെട്ടത്. വീടിനുള്ളില്‍ തീ ആളിപ്പടര്‍ന്നപ്പോള്‍ മകന്‍ തങ്ങളെ പുറത്തേക്ക് ഇറങ്ങി രക്ഷപെടാതിരിക്കാന്‍ വാതില്‍ക്കല്‍ ആയുധവുമായി നിന്നുവെന്നും ഇവര്‍ പരാതിയില്‍ പറയുന്നു.

കുടുംബവീട്ടിലായിരുന്നു പ്രതിയും മാതാപിതാക്കളും താമസിച്ചിരുന്നത്. എന്നാല്‍, മകന്റെ മദ്യപാനവും അതിനെ തുടര്‍ന്ന് നിരന്തരമായി അനുഭവിച്ചുകൊണ്ടിരുന്ന ഉപദ്രവങ്ങളും കാരണം മാതാപിതാക്കള്‍ കുടുംബവീട്ടില്‍നിന്നും അല്‍പം അകലെ ചെറിയ ഒരു വീട് വച്ച് അവിടേക്ക് താമസം മാറിയിരുന്നു. ഈ വീട്ടില്‍ അതിക്രമിച്ചു കടന്നാണ് പ്രതി മാതാപിതാക്കളെ ആക്രമിച്ച് ക്രൂരമായി പരിക്കേല്‍പ്പിച്ചത്. ഫോറന്‍സിക് വിഭാഗം സംഭവസ്ഥലത്ത് എത്തി തെളിവുകള്‍ ശേഖരിച്ചു. ശാസ്ത്രീയമായ അന്വേഷണമാണ് നടക്കുന്നതെന്നും പ്രതിക്കുവേണ്ടി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്നും ഉടന്‍തന്നെ പ്രതി പോലീസിന്റെ പിടിയിലാകുമെന്നും ആറ്റിങ്ങല്‍ പോലീസ് വ്യക്തമാക്കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *