

തിരുവനന്തപുരം: രാജ്യത്ത് പൊതുഗതാഗത മേഖലയില്‍ വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. പ്രധാനമന്ത്രിയുടെ ഇ-ബസ് സേവാ പദ്ധതി വഴി കേന്ദ്രത്തില്‍നിന്ന് കേരള സര്‍ക്കാരിന് 950 ഇ-ബസുകള്‍ ലഭിക്കും. അന്തരീക്ഷ മലിനീകരണം കുറയ്ക്കുക എന്നത് ലക്ഷ്യമിട്ട് ഹരിത ഊര്‍ജ്ജത്തെ പ്രോത്സാഹിപ്പിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ഇ-ബസ് സേവാ പദ്ധതിയിലൂടെ ചെയ്യുന്നത്. കേരളത്തില്‍ പത്ത് നഗരങ്ങളിലാണ് ഇ-ബസ് അനുവദിച്ചിട്ടുള്ളത്.

കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ 150, തിരുവനന്തപുരം, കൊല്ലം, കണ്ണൂര്‍, തൃശൂര്‍, മലപ്പുറം നഗരങ്ങളില്‍ 100, ചേര്‍ത്തല, കായംകുളം, കോട്ടയം നഗരങ്ങളില്‍ 50 എന്നിങ്ങനെയാണ് ആദ്യ ഘട്ടത്തില്‍ ബസുകള്‍ ലഭിക്കുക. മൂന്ന് ലക്ഷവും അതിലധികവും ജനസംഖ്യയുള്ള നഗരങ്ങളാണ് പദ്ധതിയില്‍ ഇടംപിടിച്ചിട്ടുള്ളത്. ഡ്രൈവറെ കേന്ദ്രമാണ് നിയമിക്കുക. സര്‍വ്വീസ് നടത്തുന്നതും ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതും സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്തമായിരിക്കും. ബസ് സര്‍വ്വീസിനായി കേന്ദ്ര സര്‍ക്കാര്‍ നിശ്ചിത സബ്‌സിഡി അനുവദിക്കും. വരുമാനത്തിന്റെ ഒരു ഭാഗം കേന്ദ്ര സര്‍ക്കാരിന് നല്‍കണം. പ്രധാനമന്ത്രിയുടെ ഇ-ബസ് സേവാ പദ്ധതിയിലൂടെ രാജ്യത്തുടനീളം പതിനായിരം ഇ-ബസുകളാണ് അനുവദിക്കുന്നത്.

57,613 കോടി രൂപയാണ് ഇ-ബസ് സേവാ പദ്ധതിക്കായി കേന്ദ്ര സര്‍ക്കാര്‍ ചെലവഴിക്കുന്നത്. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന ഇ-ബസ് സേവാ പദ്ധതിയിലൂടെ 169 നഗരങ്ങളില്‍ ഹരിത ബസ് സര്‍വീസ് നടത്തും. ഗ്രീന്‍ അര്‍ബന്‍ മൊബിലിറ്റി ഇനിഷ്യേറ്റീവിന് കീഴില്‍ 181 നഗരങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങളും ഇ-ബസ് സേവാ പദ്ധതിക്കായി തയാറാക്കും. രാജ്യമൊട്ടാകെ 45000 നും 50000 നും ഇടയില്‍ തൊഴിലവസരങ്ങള്‍ ഇ-ബസ് സേവാ പദ്ധതിയിലൂടെ സൃഷ്ടിക്കപ്പെടുമെന്നാണ് കണക്കുകൂട്ടല്‍.
