
ന്യൂഡല്‍ഹി: മഹാത്മാഗാന്ധിയുടെ 73-ാം ചരമ വാര്‍ഷിക ദിനം സദ്ഭാവന ദിവസമായി ആചരിക്കാനും നിരാഹാരം അനുഷ്ഠിക്കാനും കര്‍ഷക സമരത്തില്‍ പങ്കെടുക്കുന്ന കര്‍ഷകരുടെ തീരുമാനം. രണ്ടുമാസമായി കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷകര്‍ ഡല്‍ഹിയില്‍ സമരം നടത്തിവരികയാണ്. രാവിലെ ഒമ്പതുമുതല്‍ വൈകീട്ട് അഞ്ചുവരെയായിരിക്കും നിരാഹാരം.
റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകര്‍ നടത്തിയ ട്രാക്ടര്‍ റാലി രാജ്യ തലസ്ഥാനത്ത് പലയിടത്തും അക്രമാസക്തമായിരുന്നു. ഇതേത്തുടര്‍ന്ന് കര്‍ഷക സമരത്തിന് നേരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. സമാധാനപരമായ സമരരീതിയാണ് തങ്ങളുടേതെന്ന് വീണ്ടും സ്ഥാപിക്കുക എന്നതാണ് ഗാന്ധിജിയുടെ ചരമദിനത്തിലെ നിരാഹാര സമരത്തിലൂടെ കര്‍ഷക സംഘടനകള്‍ ലക്ഷ്യമിടുന്നത്.
‘കഴിഞ്ഞദിവസം വരെ ഞങ്ങള്‍ സമാധാനപരമായിരുന്നു മുന്നോട്ട് നീങ്ങിയത്. ഇന്നും നാളെയും അപ്രകാരമായിരിക്കും. രാജ്യത്തെ ജനങ്ങളെ സമാധാനപരമായ ഈ സമരത്തിന്റെ ഭാഗമാകാന്‍ ഞങ്ങള്‍ ക്ഷണിക്കുന്നു.’ ക്രാന്തികാരി കിസാന്‍ യൂണിയന് നേതാവ് ദര്ശന് പാല് പറഞ്ഞു. ട്രാക്ടര്‍ റാലി അക്രമാസക്തമായത് കര്‍ഷക സംഘടനകളുടെ പ്രമുഖ നേതാക്കള്‍ അപലപിച്ചിരുന്നു.
അതേസമയം, തങ്ങളുടെ സമരം പൊളിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് റിപ്പബ്ലിക് ദിനത്തിലെ അക്രമങ്ങളെന്നും കര്‍ഷക സംഘടനകളുടെ നേതാക്കള്‍ ആരോപിക്കുന്നുണ്ട്. വെള്ളിയാഴ്ച സിംഘു അതിര്‍ത്തിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സമരത്തെ തകര്‍ക്കാന്‍ ബി.ജെ.പി. ശ്രമിക്കുന്നതായി കര്‍ഷകര്‍ വ്യക്തമാക്കി.
‘കഴിഞ്ഞ മൂന്നുദിവസമായി സിംഘു, ഗാസിപുര്‍ അതിര്‍ത്തികളില്‍ നടക്കുന്ന സംഭവവികാസങ്ങള്‍ തെളിയിക്കുന്നത് പോലീസും ബിജെപിയും ആര്‍എസ്എസ്സും കര്‍ഷക സമരത്തെ ഇല്ലതാക്കാന്‍ ഗൂഢാലോചന നടത്തുന്നുണ്ടെന്നാണ്. സമാനമായ സംഭവങ്ങള്‍ തിക്രി അതിര്‍ത്തിയിലും ഉണ്ടായിട്ടുണ്ട്. സത്യത്തിന്റെയും അഹിംസയുടെയും മൂല്യങ്ങള്‍ പ്രചരിപ്പിക്കുന്നതിനാണ് ജനുവരി 30 ന് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ആസൂത്രിതമായ നുണകളും അക്രമങ്ങളും പടര്‍ത്തുന്ന സര്‍ക്കാരിന്റെ രീതി അപലപനീയമാണ്,’ സംയുക്ത കിസാന്‍ മോര്‍ച്ച പ്രസ്താവനയില്‍ പറഞ്ഞു.