

ബെംഗളൂരു: കന്നഡ അനുകൂല സംഘടനകള്‍ നടത്തുന്ന ബന്ദിനെ തുടര്‍ന്ന് കര്‍ണാടകയില്‍ ജനജീവിതം സ്തംഭിച്ചു. വിവിധയിടങ്ങളില്‍ നടന്ന അക്രമ സംഭവങ്ങളില്‍ വിവിധ സംഘടനകളില്‍ ഉള്‍പ്പെട്ട അന്‍പതോളം പേരെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാടിന് കാവേരി ജലം വിട്ടുകൊടുക്കുന്നതിനെതിരെയാണ് കന്നഡ അനുകൂല സംഘടനകള്‍ ബന്ദ് പ്രഖ്യാപിച്ചത്. ബന്ദ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തെയും ബാധിച്ചു. മാണ്ഡ്യ, ബംഗളൂരു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പൂര്‍ണമായും അടച്ചു.

കന്നട അനുകൂല സംഘടനകള്‍ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ കോലം കത്തിച്ചു പ്രതിഷേധിച്ചു. ബന്ദിന്റെ പശ്ചാത്തലത്തില്‍ ബംഗളൂരു രാജ്യാന്തര വിമാനത്താവളത്തില്‍ 44 വിമാനങ്ങള്‍ റദ്ദ് ചെയ്തു. ബംഗളൂരു രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് ടേക് ഓഫ് ചെയ്യേണ്ട 22 വിമാനങ്ങളും ലാന്‍ഡ് ചെയ്യേണ്ട 22 വിമാനങ്ങളുമാണ് റദ്ദാക്കിയത്. ബന്ദിന്റെ പശ്ചാത്തലത്തില്‍ നിരവധി യാത്രക്കാര്‍ ടിക്കറ്റ് റദ്ദാക്കിയതാണ് വിമാനങ്ങള്‍ റദ്ദാക്കാന്‍ കാരണമെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിച്ചു. എന്നാല്‍, സാങ്കേതിക കാരണങ്ങളാലാണ് വിമാനങ്ങള്‍ റദ്ദാക്കിയതെന്നാണ് വിമാനത്താവള അധികൃതര്‍ പറയുന്നത്.


