
വര്‍ക്കല: ഭൂമി സുപോഷണ യജ്ഞത്തിന്റെ ഭാഗമായി ശിവഗിരിയില്‍ വൃക്ഷത്തെ നട്ടു. ഭാരതമൊട്ടാകെ സംഘടിപ്പിക്കുന്ന ഭൂമി സുപോഷണ യജ്ഞത്തിന്റെ ഭാഗമായിട്ടാണ് ശിവഗിരിയില്‍ വൃക്ഷത്തൈ നടീല്‍ ചടങ്ങ് നടന്നത്. ഭാരതമൊട്ടാകെയുള്ള ക്ഷേത്രങ്ങള്‍, മഠങ്ങള്‍, വിവിധ കാര്‍ഷിക സംഘടനകള്‍, ബാലഗോകുലം, സ്വദേശി ജാഗരണ്‍ മഞ്ച്, ഭാരതീയ കിസാന്‍ സംഘ്, മാതാ അമൃതാനന്ദമയി മഠം, ശ്രീരാമകൃഷ്ണ മിഷന്‍, ശ്രീ ശ്രീ രവിശങ്കര്‍ മിഷന്‍ തുടങ്ങിയവയുടെ കൂട്ടായ്മയാണ് ഭൂമി സുപോഷണ യജ്ഞത്തിന് ആഭിമുഖ്യം വഹിക്കുന്നത്.
ഭാരതീയ സംസ്‌കൃതി പ്രകാരം ഭൂമിപൂജാ ദിനമായി ആചരിക്കുന്ന ഏപ്രില്‍ 13 മുതല്‍ ഗുരുപൗര്‍ണ്ണമി ദിനമായ ജൂലൈ 24 വരെയാണ് ഭൂമി സുപോഷണ യജ്ഞം സംഘടിപ്പിക്കുന്നത്. ഭാരതത്തിന്റെ കാര്‍ഷിക പാരമ്പര്യം നഷ്ടപ്പെടാതെ ഋഷി സംസ്‌കൃതിയും കൃഷി സംസ്‌കൃതിയും തമ്മിലുള്ള സമന്വയമാണ് ഭൂമി സുപോഷണ യജ്ഞത്തിലൂടെ ലക്ഷ്യമിടുന്നത്. ഭക്ഷ്യ സമൃദ്ധി ഉറപ്പാക്കുക, ജൈവകൃഷി പ്രോത്സാഹിപ്പിക്കുക, പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്തുക, ആരോഗ്യ കേരളം സ്വായത്തമാക്കുക, പ്ലാസ്റ്റിക് മുക്ത ഭൂമി എന്ന ലക്ഷ്യം നേടുക തുടങ്ങി നിരവധി ആശയങ്ങളാണ് ഭൂമി സുപോഷണ യജ്ഞത്തിലൂടെ നടപ്പിലാക്കുക.

ശിവഗിരിയില്‍ സംഘടിപ്പിച്ച ഭൂമി സുപോഷണ യജ്ഞത്തിന് തുടക്കം കുറിച്ചുകൊണ്ട് നടന്ന വൃക്ഷത്തൈ നടീല്‍ ചടങ്ങില്‍ ശിവഗിരി മഠം ജനറല്‍ സെക്രട്ടറി സാന്ദ്രാനന്ദ സ്വാമികള്‍ അനുഗ്രഹ പ്രഭാഷണം നടത്തി. കൃഷി മാനവരാശിയുടെ നട്ടെല്ലാണ് എന്നായിരുന്നു ഗുരുദേവന്റെ ദര്‍ശനമെന്നും പ്ലാവ്, മാവ് തുടങ്ങിയ ഫലവൃക്ഷങ്ങളെ ഗുരുദേവന്‍ വളരെയേറെ ഇഷ്ടപ്പെട്ടിരുന്നതായും സാന്ദ്രാനന്ദ സ്വാമികള്‍ അനുഗ്രഹ പ്രഭാഷണത്തില്‍ പറഞ്ഞു. ഏത് പരിതസ്ഥിതിയെയും അതിജീവിക്കാന്‍ പറ്റുന്ന ഫലവൃക്ഷമാണ് പ്ലാവ്. കേരളത്തില്‍ ഇത് ധാരാളം ഉള്ളതിനാലാവാം നമ്മള്‍ കേരളീയര്‍ പ്ലാവിനോട് അര്‍ഹിക്കുന്ന മതിപ്പ് കാണിക്കാത്തത്. ചക്ക വളരെയേറെ പോഷകങ്ങള്‍ അടങ്ങിയ ഫലമാണെന്ന് നമുക്കറിയാം. എന്നിട്ടും നമ്മള്‍ ചക്ക മറ്റുള്ളവര്‍ക്ക് നല്‍കിയിട്ട് വിഷലിപ്തമായ ആഹാര സാധനങ്ങള്‍ തേടി പോകുന്നു. ഈ സാഹചര്യത്തില്‍ ഇന്ന് നാം ആചരിക്കുന്ന ഭൂമിപൂജ ലോകത്തിന് തന്നെ മാതൃകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ആധുനിക വിദ്യാഭ്യാസത്തിന് മണ്ണുമായുള്ള ബന്ധം ഇല്ലാതായിക്കൊണ്ടിരിക്കുന്നു. പ്രകൃതിയുമായി ഇഴുകിച്ചേര്‍ന്ന് ജീവിക്കുകയെന്ന ഭാരതീയ ദര്‍ശനം വരുതലമുറയിലേക്ക് പകര്‍ന്നുകൊടുക്കേണ്ടത് അനിവാര്യമായിരിക്കുകയാണ്. അതുകൊണ്ടുതന്നെയാണ് ഭൂമിയെ കുറിച്ച് ലോകമൊട്ടാകെ നടക്കുന്ന ചര്‍ച്ചകളില്‍ ഭാരതത്തിന് പ്രാധാന്യം ഉണ്ടാകുന്നത്. പ്രകൃതി സംരക്ഷണത്തില്‍ ഭാരതം എന്നും മറ്റുള്ളവര്‍ക്ക് മാതൃകയാണ്. പാശ്ചാത്യ വിദ്യാഭ്യാസത്തിന്റെ അതിപ്രസരം കാരണം ഭാരതീയ സംസ്‌കൃതിയെ നമ്മുടെ കുഞ്ഞുങ്ങളിലേക്ക് പകര്‍ന്നുകൊടുക്കാന്‍ നമുക്ക് സാധിക്കുന്നില്ല. ഭൂമി സുപോഷണ യജ്ഞം പോലുള്ള പരിപാടികളിലൂടെ ഭാരതത്തിന്റെ കാര്‍ഷിക സംസ്‌കൃതി വരുതലമുറയിലേക്ക് പകരാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വര്‍ക്കല നഗരസഭ വികസനകാര്യ സമിതി ചെയര്‍പേഴ്‌സണ്‍ വിജി, വാര്‍ഡ് കൗണ്‍സിലര്‍ രാഖി.ആര്‍ എന്നിവര്‍ ചേര്‍ന്നാണ് വൃക്ഷത്തൈ നട്ടത്. തുടര്‍ന്ന് ഭൂമി സുപോഷണ പ്രതിജ്ഞയും ചൊല്ലിയാണ് പരിപാടി അവസാനിച്ചത്. വികസനകാര്യ സമിതി ചെയര്‍പേഴ്‌സണ്‍ വിജി ചൊല്ലിക്കൊടുത്ത ഭൂമി സുപോഷണ പ്രതിജ്ഞ മറ്റുള്ളവര്‍ ഏറ്റുചൊല്ലി. വിശാലാനന്ദ സ്വാമികള്‍, ബോധി തീര്‍ത്ഥ സ്വാമികള്‍, നഗരസഭ പ്രതിപക്ഷ നേതാവ് അഡ്വ.അനില്‍കുമാര്‍, കൗണ്‍സിലര്‍മാരായ സിന്ധു.വി, രാഖി, വിജി, പ്രിയ ഗോപന്‍, ബി.ജെ.പി വര്‍ക്കല മണ്ഡലം ജനറല്‍ സെക്രട്ടറി തച്ചോട് സുധീര്‍, പ്രവര്‍ത്തകരായ പ്രകാശ്, ഷാജി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.