Breaking News

കെ-റെയിലിനു ഭൂമി ഏറ്റെടുക്കൽ : എതിർപ്പിനിടയിൽകല്ലിട്ടുതുടങ്ങി

കഴക്കൂട്ടം : കുളത്തൂർ കരിമണൽ പ്രദേശത്ത് കെ-റെയിൽ എന്ന അർധ അതിവേഗ റെയിൽപ്പാതയ്ക്ക് (സിൽവർ ലൈൻ) ഭൂമി ഏറ്റെടുക്കലിനു മുന്നോടിയായി കല്ലിടാൻ എത്തിയവരെ നാട്ടുകാരും കെ-റെയിൽ വിരുദ്ധ സമരസമിതിയുടെ പ്രവർത്തകരും എതിർത്തു. പോലീസിന്റെ കനത്ത കാവലിൽ മുന്നൂറു മീറ്ററോളം നീളം വരുന്ന സ്ഥലത്ത് 14 കല്ലുകൾ സ്ഥാപിച്ചു.

ശനിയാഴ്ച രാവിലെ എൻ.എസ്.എസ്. കരയോഗം വളപ്പിലും അടുത്തുള്ള രണ്ടു പറമ്പുകളിലും കല്ലിട്ടപ്പോഴാണ് പ്രതിഷേധവുമായി ആളുകൾ എത്തിയത്. വസ്തുവുടമകളെ മുൻകൂട്ടി അറിയിക്കാതെയാണ് സർവേ നടത്തുന്നവർ കല്ലിടാൻ കയറിയതെന്ന് അവർ ആരോപിച്ചു. സ്പെഷ്യൽ തഹസിൽദാർ എൻ.ശ്രീകുമാറിന്റെ നേതൃത്വത്തിൽ ലാൻഡ് റവന്യൂ വിഭാഗം ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. കെ-റെയിലിന്റെ അലൈൻമെന്റുമായി ബന്ധപ്പെട്ടാണ് കല്ലിടലെന്നും പരിസ്ഥിതി ആഘാതപഠനം ഉൾപ്പെടെ നടത്തിയിട്ടേ ഏതെല്ലാം സർവേ നമ്പരിലുള്ള ഭൂമി ഏറ്റെടുക്കണമെന്നു തീരുമാനിക്കൂവെന്നും തഹസിൽദാർ പറഞ്ഞു. എന്നിട്ടും പ്രതിഷേധം അടങ്ങിയില്ല. ഗസറ്റിൽ അച്ചടിച്ചാൽ, അതു സാധാരണക്കാർ അറിഞ്ഞുവെന്ന് കരുതേണ്ടെന്ന് പ്രതിഷേധിച്ചവർ പറഞ്ഞു. എത്ര ഭൂമി തങ്ങൾക്ക് നഷ്ടമാകുമെന്ന് അറിയിച്ചിട്ടില്ലെന്നും ഉടമകൾ പറഞ്ഞു. നഗരസഭാംഗങ്ങളോ മറ്റു ജനപ്രതിനിധികളോ സ്ഥലത്തെത്തിയില്ല. പ്രതിഷേധം തുടരവേയാണ് പൗണ്ട്കടവ് വരെയുള്ള ഭാഗത്ത് കല്ലിട്ടത്. കഴക്കൂട്ടം സൈബർ സിറ്റി അസിസ്റ്റന്റ് കമ്മിഷണർ സി.എസ്.ഹരിയുടെ നേതൃത്വത്തിൽ വൻ പോലീസ് സംഘം സ്ഥലത്തെത്തിയിരുന്നു. അടുത്ത ദിവസങ്ങളിൽ കല്ലിടൽ തുടരുമെന്ന് കെ-റെയിൽ പദ്ധതിയുടെ ഉദ്യോഗസ്ഥർ പറഞ്ഞു.

Related posts

Leave a Reply

Your email address will not be published. Required fields are marked *