
കൊച്ചി: കേന്ദ്ര അന്വേഷണ ഏജന്‍സിയായ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) എതിരായ ആരോപണങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്. ജസ്റ്റിസ് വി.കെ.മോഹനന്‍ ആണ് കമ്മീഷന്‍ അധ്യക്ഷന്‍.
നേരത്തെ, ഇ.ഡിക്കെതിരെ ഗൂഢാലോചന, മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ പ്രേരിപ്പിച്ചു എന്നതടക്കമുള്ള കുറ്റംചുമത്തി ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തതിരുന്നു. ഇതിന് പിന്നാലെയാണ് ജുഡീഷ്യല്‍ അന്വേഷണമെന്ന കടുത്ത നിലപാടിലേക്ക് സംസ്ഥാന സര്‍ക്കാര്‍ കടന്നത്.
സ്വപ്‌ന സുരേഷിന്റെ ശബ്ദരേഖയും സരിത്തിന്റെ കത്തുമുള്‍പ്പെടെ 5 പ്രധാന കാര്യങ്ങളാണ് ജുഡീഷ്യല്‍ കമ്മീഷന്റെ പരിധിയില്‍ വരുന്നത്. സ്വപ്‌നയുടെ ശബ്ദരേഖ സമൂഹമധ്യത്തില്‍ എത്തിയ സാഹചര്യം, ഗൂഢാലോചന, മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ ഇ.ഡി. ഉദ്യോഗസ്ഥര്‍ പ്രതികള്‍ക്കുമേല്‍ സമ്മര്‍ദം ചെലുത്തി, സമ്മര്‍ദ്ദത്തിന് പിന്നില്‍ ആരാണ്, അതില്‍ ഗൂഢാലോചന നടന്നിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളും കമ്മിഷന്‍ പരിഗണിക്കും.
ഗൂഢാലോചനയില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ചത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സര്‍ക്കാരിലേക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതിനാണ് ജുഡീഷ്യല്‍ കമ്മിഷനെ നിയമിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുവാദം കൂടി ലഭിച്ച ശേഷമേ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങുകയുള്ളൂ.