
നിയമസഭ തെരഞ്ഞെടുപ്പ് അടുത്തുവരവെ കേരളത്തില്‍ ഇരട്ടവോട്ടുകള്‍ സമൂഹമധ്യത്തില്‍ ചര്‍ച്ചയാവുകയാണ്. ജനാധിപത്യമെന്ന മാന്ത്രികച്ചെപ്പിന്റെ താക്കോലാണ് തെരഞ്ഞെടുപ്പ്. അതിന്റെ കാവല്‍ക്കാരാണ് തെരഞ്ഞെടുപ്പ് കമ്മീഷന് ഉള്‍പ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങള്‍. എന്നാല്‍, ഈ കാവലില്‍ ചിലപ്പോഴെങ്കിലും പാളിച്ചകള്‍ ഉണ്ടായാല്‍ അത് ജനാധിപത്യ സംവിധാനത്തില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസ്യത തന്നെ നഷ്ടപ്പെടുത്തും. അങ്ങനെ സംഭവിക്കാതെ ജനാധിപത്യത്തെ കാത്തുസംരക്ഷിക്കാന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഏതൊരു ഭരണഘടനാ സ്ഥാപനത്തിനും ഉത്തരവാദിത്തമുണ്ട്.
എന്നാല്‍, ഈ ഉത്തരവാദിത്തം ഭരണഘടനാ സ്ഥാപനങ്ങള്‍ക്ക് മാത്രമല്ല, ഏതൊരു പൗരനുമുണ്ട്. അതിന് വേണ്ടത് നമ്മുടെ രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രക്രിയയെ കുറിച്ച് അല്പമെങ്കിലും മനസിലാക്കുക എന്നതാണ്. കുറഞ്ഞപക്ഷം എന്റെ മൗലികാവകാശം എന്നില്‍നിന്ന് മറ്റൊരാള്‍ തട്ടിയെടുത്താല്‍ ആ അവകാശം തിരിച്ചുപിടിക്കാന്‍ എന്തുചെയ്യണം എന്നെങ്കിലും മനസിലാക്കിയിരിക്കണം. പറഞ്ഞുവരുന്നത് ഇരട്ടവോട്ടെന്നും മറ്റും പലപല ഓമനപ്പേരുകളില്‍ അറിയപ്പെടുന്ന വ്യാജവോട്ടുകളെ കുറിച്ചാണ്. ഒരു പൗരന്റെ മൗലികാവകാശം മറ്റൊരാള്‍ വിനിയോഗിക്കുന്നു എന്നതിന്റെ പരമമായ അര്‍ത്ഥം ഒരാളുടെ മൗലികാവകാശം മറ്റൊരാള്‍ തട്ടിയെടുക്കുന്നു എന്നുതന്നെയാണ്.
മറ്റൊരാള്‍ തട്ടിയെടുത്ത സ്വന്തം അവകാശം തിരിച്ചുപിടിക്കാന്‍ തെരഞ്ഞെടുപ്പ് പ്രക്രിയയെ കുറിച്ച് ചില കാര്യങ്ങള്‍ മനസിലാക്കേണ്ടതുണ്ട്. അതില്‍ ഒന്നാമത്തേത് ടെന്‍ഡര്‍ ബാലറ്റ് അഥവാ ടെന്‍ഡര്‍ വോട്ട് സംവിധാനമാണ്. ഒരാള്‍ സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ പോളിംഗ് ബൂത്തില്‍ എത്തുന്നു എന്നിരിക്കട്ടെ. ബൂത്തില്‍ ചെന്നപ്പോഴാണ് മനസിലാകുന്നത് തന്റെ വോട്ട് മറ്റാരോ രേഖപ്പെടുത്തിയിരിക്കുന്നുവെന്ന്. ആ സാഹചര്യത്തില്‍ തന്റെ അവകാശം മറ്റൊരാള്‍ക്ക് വിട്ടുകൊടുക്കാതെ പ്രിസൈഡിംഗ് ഓഫീസറോട് തെരഞ്ഞെടുപ്പ് ചട്ടം സെക്ഷന്‍ 42 അനുസരിച്ച് ടെന്‍ഡര്‍ ബാലറ്റ് സംവിധാനം അനുവദിക്കാന്‍ ആവശ്യപ്പെടാവുന്നതാണ്.
അങ്ങനെ ആവശ്യപ്പെടുമ്പോള്‍ പ്രിസൈഡിംഗ് ഓഫീസര്‍ നിങ്ങളുടെ തിരിച്ചറിയല്‍ രേഖകള്‍ പരിശോധിച്ച് ബോധ്യപ്പെട്ടതിന് ശേഷം നിങ്ങള്‍ക്ക് ബാലറ്റ് പേപ്പര്‍ നല്‍കും. ഈ ബാലറ്റ് പേപ്പറില്‍ നിങ്ങള്‍ നിങ്ങളുടെ സമ്മതിദാനാവകാശം രേഖപ്പെടുത്തി നല്‍കുക. പ്രിസൈഡിംഗ് ഓഫീസര്‍ ആ ബാലറ്റ് പേപ്പര്‍ പ്രത്യേക കവറിലാക്കി മുദ്രവച്ച് സൂക്ഷിക്കും. വിജയിക്കുന്ന സ്ഥാനാര്‍ത്ഥിയും റണ്ണര്‍അപ്പും തമ്മിലുള്ള മാര്‍ജിന്‍ കുറയുമ്പോള്‍ ഈ വോട്ടുകള്‍ ഉപയോഗപ്രദമാണ്. എന്നാല്‍, മാര്‍ജിന്‍ വളരെ വലുതാണെങ്കില്‍ ടെന്‍ഡര്‍ വോട്ടുകള്‍ കണക്കാക്കണമെന്നില്ലെന്നതും മനസിലാക്കുക. ഇത്തരത്തില്‍ ടെന്‍ഡര്‍ വോട്ട് ചെയ്യുന്നയാള്‍ ബാലറ്റ് പേപ്പര്‍ കൈപ്പറ്റുന്നതിന് മുന്‍പ് ഫോം 15 അനുസരിച്ചുള്ള പട്ടികയില്‍ അയാളുടെ പേരിന് നേരെ ഒപ്പ് രേഖപ്പെടുത്തുകയും വേണം.
ബൂത്തിലിരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ ഏജന്റുമാര്‍ക്കും കള്ളവോട്ട് തടയാനുള്ള ചലഞ്ച്ഡ് വോട്ട് സംവിധാനമുണ്ട്. ബൂത്തിലിരിക്കുന്ന ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ഏജന്റിന് വോട്ട് രേഖപ്പെടുത്താനെത്തിയ വോട്ടറെ കുറിച്ച് സംശയം തോന്നിയാല്‍ അത് പ്രിസൈഡിംഗ് ഓഫീസറെ ബോധ്യപ്പെടുത്തുകയും ചലഞ്ച് ചെയ്യുകയും ചെയ്യാം. ഇതിന് രണ്ട് രൂപ ഫീസായി കെട്ടിവയ്ക്കണമെന്നേയുള്ളൂ. ഏജന്റിന് തന്റെ സംശയം ശരിയാണെന്ന് ബോധ്യപ്പെടുത്താനായാല്‍ വോട്ട് ചെയ്യാന്‍ എത്തിയ വ്യക്തിയെ വോട്ട് ചെയ്യുന്നതില്‍നിന്ന് വിലക്കാനും പോലീസിന് കൈമാറാനും പ്രിസൈഡിംഗ് ഓഫീസര്‍ക്ക് അധികാരമുണ്ട്. ഇനി, ഏജന്റിന് തന്റെ സംശയം സാധൂകരിക്കാന്‍ സാധിച്ചില്ലെങ്കില്‍ വോട്ട് ചെയ്യാനെത്തിയ വ്യക്തിയെ വോട്ട് രേഖപ്പെടുത്താന്‍ അനുവദിക്കും. കെട്ടിവച്ച രണ്ട് രൂപയും സര്‍ക്കാരിലേക്ക് പോകും.
നിയമസഭാ തെരഞ്ഞെടുപ്പിന് വെറും പത്ത് ദിവസം മാത്രം ശേഷിക്കെ ഓരോ മണ്ഡലത്തിലും നൂറുകണക്കിന് വ്യാജവോട്ടുകളുണ്ടെന്ന് പ്രതിപക്ഷ നേതാവും അത് സത്യമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനും വ്യക്തമാക്കിട്ടുണ്ട്. 1.37 കോടി വനിതകളും 1.29 കോടി പുരുഷന്മാരും 221 ട്രാന്സ്ജന്ഡര് വോട്ടര്‍മാരും ഉള്‍പ്പെടെ 2.67 കോടി വോട്ടര്‍മാരാണ് ഏപ്രില്‍ 6ന് കേരളത്തിലെ പോളിംഗ് ബൂത്തുകളില്‍ എത്തുക. ഇതില്‍ ഏതൊരു പൗരനെ സംബന്ധിച്ചിടത്തോളവും തന്നെ പ്രതിനിധീകരിക്കേണ്ടവരെ തെരഞ്ഞെടുക്കാന്‍ അയാള്‍ക്ക് ഭരണഘടന അനുവദിക്കുന്ന അവസരം കുറ്റമറ്റതായിരിക്കണം, വിശ്വാസയോഗ്യമായിരിക്കണം. കാരണം ആ വിശ്വാസത്തിലാണ് രാജ്യത്തിന്റെ ഭാവി ശോഭനമാകുന്നത്.