Breaking News

45ന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും ഏപ്രില്‍ ഒന്ന് മുതല്‍ വാക്സിന്‍

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: 45ന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും ഏപ്രില്‍ ഒന്ന് മുതല്‍ വാക്സിന്‍ നല്‍കുമെന്ന് ആരോഗ്യവകുപ്പ്. ഇതിനായി വിപുലമായ സംവിധാനം ഏര്‍പ്പെടുത്തിയതായും സ്‌കൂളുകള്‍ തുറക്കുന്നതിന് മുമ്പ് 45ന് മുകളില്‍ പ്രായമുള്ള എല്ലാവരും വാക്സിന്‍ എടുത്തുവെന്ന് ഉറപ്പാക്കേണ്ടതാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. ഇക്കാര്യത്തില്‍ ആരും ഉദാസീനത കാണിക്കരുത്. മറ്റ് സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഈ വിഭാഗത്തിലെ എല്ലാവരും കോവിഡ് വാക്സിന്‍ സ്വീകരിക്കേണ്ടത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുവാന്‍ അത്യാവശ്യമാണെന്നും സ്റ്റേറ്റ് മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തി.
കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ആശുപത്രികള്‍, സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള സ്വകാര്യ ആശുപത്രികള്‍, പൊതുകെട്ടിടങ്ങള്‍ എന്നിവിടങ്ങളില്‍ വാക്സിനേഷന്‍ സൗകര്യം ലഭ്യമാണ്. കുറഞ്ഞ രോഗബാധാ നിരക്ക് നിലനിര്‍ത്തിക്കൊണ്ടു പോകാന്‍ സ്‌കൂളുകള്‍ തുറക്കുന്നതിന് മുമ്പായി മുന്‍ഗണനാ ക്രമമനുസരിച്ച് വാക്സിന്‍ സ്വീകരിക്കേണ്ടവര്‍ വാക്സിന്‍ സ്വീകരിക്കണം. ലോക രാജ്യങ്ങളിലും മറ്റ് സംസ്ഥാനങ്ങളിലും സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിപ്പിച്ചതിനെ തുടര്‍ന്ന് രോഗബാധ വലിയ തോതില്‍ കൂടുകയുണ്ടായത് ആരോഗ്യ വകുപ്പ് ചൂണ്ടിക്കാട്ടുന്നു.
സംസ്ഥാനത്ത് ഇതുവരെ 29,33,594 ഡോസ് വാക്സിനാണ് ആകെ നല്‍കിയത്. ആരോഗ്യ പ്രവര്‍ത്തകരില്‍ 4,70,643 ആദ്യഡോസ് വാക്സിനും 3,11,594 രണ്ടാം ഡോസ് വാക്സിനും നല്‍കിയിട്ടുണ്ട്. മുന്‍നിര പ്രവര്‍ത്തകരില്‍ 1,07,661 പേര്‍ ആദ്യ ഡോസും 63,063 പേര്‍ രണ്ടാം ഡോസും ഇതുവരെ സ്വീകരിച്ചു. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരില്‍ 3,13,406 പേര്‍ ആദ്യ ഡോസും 4,564 പേര്‍ രണ്ടാം ഡോസും സ്വീകരിച്ചു. 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍, 45 നും 59 നും ഇടയില്‍ പ്രായമുള്ള മറ്റ് രോഗബാധിതര്‍ എന്നിവരില്‍ നിന്നും 16,62,663 പേര്‍ ആദ്യ ഡോസ് വാക്സിന്‍ സ്വീകരിച്ചു.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശ പ്രകാരം കോവിഷീല്‍ഡ് വാക്സിന്‍ ആദ്യ ഡോസായി എടുത്തിട്ടുള്ളവര്‍ രണ്ടാം ഡോസ് ആദ്യ ഡോസ് എടുത്ത് കഴിഞ്ഞ് 42 ദിവസം മുതല്‍ 56 ദിവസത്തിനുള്ളില്‍ എടുക്കേണ്ടതാണ്. കോവാക്സിന്‍ ആദ്യ ഡോസായി എടുത്തിട്ടുള്ളവര്‍, ആദ്യഡോസ് എടുത്ത് 28 ദിവസം കഴിഞ്ഞ് 42 ദിവസത്തിനുള്ളില്‍ രണ്ടാം ഡോസ് സ്വീകരിക്കണം.

Related posts

Leave a Reply

Your email address will not be published. Required fields are marked *