Breaking News

സിവില്‍ സര്‍വ്വീസ് സംരക്ഷിക്കപ്പെടണം: വര്‍ക്കല മേഖലാ കണ്‍വെന്‍ഷനില്‍ ജോയിന്റ് കൗണ്‍സില്‍

വര്‍ക്കല: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അര്‍ഹമായ ലഭിക്കേണ്ടുന്ന അവകാശങ്ങള്‍ പല വിധ കാരണങ്ങള്‍ പറഞ്ഞു അനിശ്ചിതമായി നിഷേധിക്കരുതെന്നും സിവില്‍ സര്‍വീസിനെ സംരക്ഷിക്കുന്നതിനായി ജീവനക്കാര്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും ജോയിന്റ് കൗണ്‍സില്‍ വര്‍ക്കല മേഖലാ കണ്‍വെന്‍ഷന്‍ വിലയിരുത്തി. സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയെ സംബന്ധിച്ച് ജീവനക്കാര്‍ക്ക് നല്ല ധാരണയുണ്ട്. നികുതി വരുമാനം വര്‍ദ്ധിപ്പിച്ചതും, ധന ദൃഢീകരണം സാദ്ധ്യമായതും കണക്കിലെടുത്ത് ജീവനക്കാരുടെ ന്യായമായ അവകാശങ്ങളില്‍ അനുഭാവപൂര്‍വ്വമായ നിലപാട് സ്വീകരിക്കണമെന്നും വര്‍ക്കല ടി.എ.മജീദ് സ്മാരക ഹാളില്‍ ചേര്‍ന്ന കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റി അംഗം കെ.സുരകുമാര്‍ ആവശ്യപ്പെട്ടു.

പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിച്ച് പഴയ പെന്‍ഷന്‍ പദ്ധതി പുന:സ്ഥാപിക്കുക, അഴിമതിക്കെതിരെ ജനങ്ങളും, ജീവനക്കാരും ഒന്നിക്കുക, സിവില്‍ സര്‍വ്വീസിനെ സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് ജോയിന്റ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നവംബര്‍ ഒന്നു മുതല്‍ ഡിസംബര്‍ ഏഴ് വരെ കാല്‍നടയായി കാസര്‍ഗോഡ് നിന്നും തിരുവനന്തപുരത്തേക്ക് നടത്തുന്ന ‘സിവില്‍ സര്‍വ്വീസ് സംരക്ഷണ യാത്ര’ വിജയിപ്പിക്കാന്‍ കണ്‍വെന്‍ഷന്‍ തീരുമാനിച്ചു. ജോയിന്റ് കൗണ്‍സില്‍ വര്‍ക്കല മേഖലാ പ്രസിഡന്റ് അരുണ്‍ ജിത്ത് എ.ആര്‍. അധ്യക്ഷത വഹിച്ചു. ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റി അംഗം വി.ബാലകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി.

നോര്‍ത്ത് ജില്ലാ സെക്രട്ടറിയേറ്റ് അംഗം വൈ.സുല്‍ഫിക്കര്‍, ജില്ലാ കമ്മിറ്റി അംഗം സുരേഷ്.എസ്, ജില്ലാ വനിതാ കമ്മിറ്റി പ്രസിഡന്റ് റാണി.പി.എസ്, മേഖലാ വനിതാ കമ്മിറ്റി പ്രസിഡന്റ് ഉഷാകുമാരി.എസ് തുടങ്ങിയവര്‍ സംസാരിച്ചു. മേഖലാ സെക്രട്ടറി കൃഷ്ണകുമാര്‍ ടി.ജെ സ്വാഗതവും മേഖലാ കമ്മിറ്റി അംഗം ശ്യാംകുമാര്‍ നന്ദിയും പറഞ്ഞു.

Related posts

Leave a Reply

Your email address will not be published. Required fields are marked *