

ദില്ലി: മൂന്നാംവട്ടവും നരേന്ദ്ര മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയായി അധികാരമേല്‍ക്കും. സര്‍ക്കാര്‍ രൂപീകരണത്തിന് മുന്നോടിയായി എന്‍.ഡി.എ സഖ്യത്തിന്റെ യോഗത്തില്‍ നരേന്ദ്ര മോദിയെ നേതാവായി തെരഞ്ഞെടുത്തു. മുതിര്‍ന്ന ബി.ജെ.പി നേതാവും പ്രതിരോധ മന്ത്രിയുമായ രാജ്‌നാഥ് സിംഗാണ് മോദിയെ എന്‍.ഡി.എയുടെ നേതാവായി യോഗത്തില്‍ നിര്‍ദേശിച്ചത്. അമിത് ഷായും നിതിന്‍ ഗഡ്കരിയും രാജ്‌നാഥ് സിംഗിന്റെ നിര്‍ദേശത്തെ പിന്താങ്ങി. തുടര്‍ന്ന് കയ്യടികളോടെ എന്‍.ഡി.എ അംഗങ്ങള്‍ പിന്തുണച്ചു. മോദിയെ പ്രശംസിച്ചുകൊണ്ട് യോഗത്തില്‍ രാജ്‌നാഥ് സിംഗ് സംസാരിച്ചു. മോദിയെപ്പോലെ നേതൃപാടവമുള്ള പ്രധാനമന്ത്രിയെ ലഭിക്കുന്നതില്‍ ഭാഗ്യവാന്മാരെന്നാണ് രാജ്‌നാഥ് സിംഗ് പറഞ്ഞത്.



എപ്പോഴും എന്‍.ഡി.എയ്‌ക്കൊപ്പം നിലകൊള്ളുമെന്ന് ജെ.ഡി.യു നേതാവ് നിതീഷ് കുമാര്‍ പറഞ്ഞു. ഇത്തവണഅവിടെയും ഇവിടെയും ചിലര്‍ ജയിച്ചിട്ടുണ്ടെങ്കിലും അടുത്ത തവണ അവരെല്ലാം തോല്‍ക്കുമെന്നും നിതീഷ് കൂട്ടിച്ചേര്‍ത്തു. മോദിയുടെ നേതൃത്വത്തില്‍ വിശ്വാസമുണ്ടെന്നും സമീപഭാവിയില്‍തന്നെ ഇന്ത്യ ലോകത്തിന്റെ നേതൃത്വത്തിലേക്ക് വരുമെന്നും ടി.ഡി.പി നേതാവ് ചന്ദ്രബാബു നായിഡു വ്യക്തമാക്കി. ബി.ജെ.പിയും ശിവസേനയും ഒരേ വിചാരധാര പിന്തുടരുന്നവരാണെന്നും എന്‍.ഡി.എയ്‌ക്കൊപ്പം ഉറച്ചുനില്‍ക്കുമെന്നും ശിവസേന നേതാവ് ഏക്‌നാഥ് ഷിന്‍ഡെ പറഞ്ഞു.


യോഗത്തിന് ശേഷം നരേന്ദ്ര മോദിയും എം.പിമാരും രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ കണ്ട് സര്‍ക്കാര്‍ രൂപീകരണത്തിനുള്ള അവകാശവാദം ഉന്നയിക്കും. ജെ.ഡി.യു നേതാവ് നിതീഷ് കുമാര്‍, ടി.ഡി.പി നേതാവ് ചന്ദ്രബാബു നായിഡു, ശിവസേന നേതാവ് ഏക്‌നാഥ് ഷിന്‍ഡെ എന്നിവരും മോദിക്കൊപ്പം ഉണ്ടാകുമെന്നാണ് സൂചന. തുടര്‍ച്ചയായി മൂന്നാം തവണയായി മോദി രാജ്യത്തിന്റെ പ്രധാനമന്ത്രിയാകുന്നത്. ഞായറാഴ്ചയാണ് മൂന്നാം മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ. ഭാരതത്തിന്റെ ചരിത്രത്തില്‍ കോണ്‍ഗ്രസ് നേതാവ് ജവഹര്‍ലാല്‍ നെഹ്‌റു മാത്രമാണ് തുടര്‍ച്ചയായി മൂന്നാം തവണയും പ്രധാനമന്ത്രി പദവിയില്‍ എത്തിയിട്ടുള്ളത്.


തൃശൂരില്‍ നിന്ന് ജയിച്ച സുരേഷ് ഗോപി കേന്ദ്രമന്ത്രിയാകുമെന്നും ഏറക്കുറെ ഉറപ്പായിട്ടുണ്ട്. സുരേഷ് ഗോപി കേന്ദ്രമന്ത്രിയാകണമെന്ന നിര്‍ദേശം ബി.ജെ.പി കേന്ദ്ര നേതൃത്വം നല്‍കിയെന്നാണ് സൂചനകള്‍. കേന്ദ്രമന്ത്രി പദവിക്ക് പുറമേ ഒരു രാജ്യസഭാ സീറ്റുകൂടി നല്‍കിയേക്കുമെന്നും സൂചനകളുണ്ട്. അങ്ങനെയെങ്കില്‍ ആ പദവിയിലേക്ക് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനോ ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയോ വരാനാണ് സാധ്യത. അതേസമയം, നിര്‍മ്മല സീതാരാമന്‍ ഇത്തവണ മന്ത്രിസഭയില്‍ ഉണ്ടാവില്ലെന്നാണ് ലഭിക്കുന്ന വിവരം.

