Breaking News

ആവശ്യങ്ങളില്‍ ഉറച്ച് ഘടകകക്ഷികള്‍: ബി.ജെ.പി വിഷമവൃത്തത്തില്‍

ദില്ലി: സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് തങ്ങളുടെ ആവശ്യങ്ങളില്‍ വിട്ടുവീഴ്ചയ്ക്ക് തയാറല്ലെന്ന് എന്‍.ഡി.എ ഘടക കക്ഷികള്‍. ആന്ധ്രയില്‍ 4 ശതമാനം മുസ്ലിം സംവരണം നിലനിര്‍ത്തുമെന്ന പ്രകടന പത്രികയിലെ വാഗ്ദാനത്തില്‍നിന്ന് പിന്നോട്ടില്ലെന്നും സ്പീക്കര്‍ പദവി ലഭിക്കണമെന്ന ആവശ്യത്തിലും ടി.ഡി.പി നേതാവ് ചന്ദ്രബാബു നായിഡു ഉറച്ച് നില്‍ക്കുകയാണ്. എന്‍.ഡി.എ സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ചെങ്കിലും ഇന്നലെ രാത്രി ഡല്‍ഹിയിലെത്തിയ ചന്ദ്രബാബു നായിഡു വിലപേശല്‍ തന്ത്രത്തില്‍ ഉറച്ചുനില്‍ക്കുകയാണ്. സ്പീക്കര്‍ സ്ഥാനത്തിന്റെ കാര്യത്തില്‍ ബി.ജെ.പി തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നാണ് ടി.ഡി.പി അറിയിച്ചിരിക്കുന്നത്.

ഒരു ക്യാബിനറ്റ് മന്ത്രി സ്ഥാനം നല്‍കാമെന്ന ബി.ജെ.പിയുടെ വാഗ്ദാനം ജെ.ഡി.യു നേതാവ് നിതീഷ് കുമാര്‍ തള്ളിയെന്നാണ് സൂചനകള്‍. അഗ്‌നിവീര്‍ പദ്ധതി റദ്ദാക്കണമെന്ന് ആവശ്യപ്പെടുന്നില്ലെന്നും മാറ്റം വരുത്തണമെന്നാണ് നിര്‍ദേശമെന്നും ജെ.ഡി.യു അറിയിച്ചു. അതിനിടെ, എന്‍.ഡി.എ യോഗത്തിനായി എല്‍.ജെ.പി നേതാവ് ചിരാഗ് പാസ്വാന്‍ ദില്ലിയിലെത്തി. ചിരാഗ് പാസ്വാനെ പാര്‍ലമെന്റിലെ നേതാവായി തെരഞ്ഞെടുത്തു. മോദിയുടെ നേതൃത്വത്തില്‍ ഉറച്ചു നില്‍ക്കുമെന്ന് ചിരാഗ് പാസ്വാന്‍ പറഞ്ഞു. ഒരു ഉപാധിയും ആരും വച്ചിട്ടില്ല. ഇന്ന് എന്‍ഡിഎ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള കത്ത് രാഷട്രപതിക്ക് നല്‍കുമെന്നും പാസ്വാന്‍ പ്രതികരിച്ചു. സര്‍ക്കാര്‍ അഗ്‌നീവീര്‍ പദ്ധതി തുടരണോയെന്നതില്‍ ഒന്നിച്ച് തീരുമാനമെടുക്കും. എല്ലാ വിഷയങ്ങളിലും തുറന്ന ചര്‍ച്ച നടത്താന്‍ സ്വാതന്ത്ര്യമുണ്ട്. ചര്‍ച്ചയ്ക്കായി പ്രധാനമന്ത്രി സ്വാതന്ത്യം നല്‍കുന്നത് നല്ല കാര്യം. ഇതുവരെ പദ്ധതിയിലൂടെ എത്ര പേര്‍ക്ക് ഗുണമുണ്ടായെന്ന് അറിയില്ലെന്നും ചിരാഗ് പാസ്വാന്‍ പറഞ്ഞു.

അതേസമയം, മോദി ഉടന്‍ തന്നെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ പറഞ്ഞു. പ്രതിപക്ഷത്തെ ജനം തള്ളി കളഞ്ഞു. മോദിക്ക് ഘടക കക്ഷികളുടെ പൂര്‍ണ പിന്തുണയുണ്ടെന്നും ഷിന്‍ഡെ വ്യക്തമാക്കി. എന്‍.ഡി.എ യോഗത്തില്‍ പങ്കെടുക്കാനായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദില്ലിയിലെത്തിയിട്ടുണ്ട്. പാര്‍ലമെന്റിലെ സെന്‍ട്രല്‍ ഹാളിലാണ് യോഗം ചേരുക. യോഗത്തില്‍ നരേന്ദ്രമോദിയെ പാര്‍ലമെന്റിലെ എന്‍.ഡി.എ നേതാവായി തെരഞ്ഞെടുക്കും. എന്‍.ഡി.എയുടെ എല്ലാ മുഖ്യമന്ത്രിമാരും, ഉപമുഖ്യമന്ത്രിമാരും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍മാരും ഈ യോഗത്തില്‍ പങ്കെടുക്കും. എന്‍.ഡി.എ എംപിമാരെ മോദി അഭിസംബോധന ചെയ്യും.

Related posts

Leave a Reply

Your email address will not be published. Required fields are marked *