


വര്‍ക്കല: വര്‍ക്കലയിലെ 9 വയസ്സുകാരന്റെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി ഐ.എസ്.ആര്.ഒ മേധാവി. വര്‍ക്കല നെല്ലിക്കോട് പുതിയിടത്ത് വീട്ടില്‍ രതീഷിന്റെയും ആതിര.എസ്.കുറുപ്പിന്റെയും മൂത്തമകനായ അനന്തപത്മനാഭന്റെ ചോദ്യങ്ങള്‍ക്കാണ് ഐ.എസ്.ആര്.ഒ ചെയര്മാന് ഡോ.എസ്.സോമനാഥ് മറുപടി നല്‍കിയത്. ബഹിരാകാശവുമായി ബന്ധപ്പെട്ട അഞ്ചു ചോദ്യങ്ങള്‍ വീഡിയോ രൂപത്തിലാക്കിയാണ് സമൂഹ മാധ്യമങ്ങള്‍ വഴി ഐ.എസ്.ആര്.ഒ ചെയര്മാന് സോമനാഥന്റെ അടുക്കല്‍ എത്തിച്ചത്.


ചന്ദ്രനില്‍ അന്യഗ്രഹ ജീവികള്‍ ഉണ്ടോ, ബഹിരാകാശത്തേക്ക് മനുഷ്യനോടൊപ്പം മൃഗങ്ങളെയും അയക്കുന്നുണ്ടോ? എന്ന് തുടങ്ങി കൗതുകകരമായ അഞ്ച് ചോദ്യങ്ങളാണ് അനന്തപത്മനാഭന് ചോദിച്ചത്. സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോ ശ്രദ്ധയില്‍പ്പെട്ട ഡോ.എസ്.സോമനാഥ് പിന്നൊ ഒട്ടും മടിക്കാതെ വീഡിയോ രൂപത്തില്‍ തന്നെ അനന്തപത്മനാഭന്റെ ചോദ്യങ്ങള്‍ക്ക് മറുപടിയും നല്കി. മുന്‍ രാഷ്ട്രപതിയായിരുന്ന ഡോ.എ.പി.ജെ. അബ്ദുല്‍ കലാമിനെപ്പോലെ തന്നെ ഡോ.എസ്.സോമനാഥും കുട്ടികളോടും യുവതലമുറയോടും സംവദിക്കാന്‍ വളരെയേറെ താല്പര്യം കാണിക്കുന്നയാളാണ്.


ഇനി നാലാം ക്ലാസിലേക്ക് കടക്കുന്ന അനന്തപത്മനാഭന് കഴിഞ്ഞ പതിനെട്ടു ദിവസമായി വര്‍ക്കല ഗവണ്മെന്റ് ആയുര്‍വേദ ആശുപത്രിയില്‍ നേത്ര രോഗത്തിന് ചികിത്സയിലാണ്. ആശുപത്രിക്കിടക്കിയില്‍ നിന്നാണ് ബഹിരാകാശത്തേക്കുറിച്ചുള്ള തന്റെ സംശയങ്ങള്‍ക്ക് അനന്തപത്മനാഭന് ഉത്തരം തേടിയത്. ചോദ്യങ്ങള്‍ മറുപടി നല്‍കിയതിനൊപ്പം അനന്തപത്മനാഭന്റെ ആരോഗ്യത്തിന് വേണ്ടി പ്രാര്‍ത്ഥിക്കാമെന്നും ഉടന്‍ തന്നെ കാണാമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു. വൈകാതെ അദ്ദേഹത്തെ നേരില്‍ കാണാന്‍ പറ്റുമെന്നുള്ള പ്രതീക്ഷയിലും സന്തോഷത്തിലാണ് അനന്തപത്മനാഭനും കുടുംബവും. അനന്തപത്മനാഭന്റെ പിതാവ് പ്രവാസിയും മാതാവ് സഹകരണ വകുപ്പിലെ ഉദ്യോഗസ്ഥയുമാണ്. അനുജന് കാശിനാഥന്.



