

വര്‍ക്കല: ഇടവയില്‍ ഭീമന് തിമിംഗലം ചത്ത് കരയ്ക്കടിഞ്ഞു. ഇടവ ശ്രീയേറ്റ് ഭാഗത്താണ് തിമിംഗലം കരയ്ക്കടിഞ്ഞത്. ഇന്ന് ഉച്ചയോടെയാണ് തിമിംഗലം കരയോട് അടുക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടത്. നാട്ടുകാര്‍ ഉടന്‍ തന്നെ വിവരം ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. തുടര്‍ന്ന് ഫയര്‍ഫോഴ്സ് സംഘം സ്ഥലത്തെത്തിയെങ്കിലും തിമിംഗലം കടലില്‍ തന്നെയായിരുന്നതിനാല്‍ ഫയര്‍ഫോഴ്സിന് ഒന്നും ചെയ്യാന്‍ സാധിച്ചില്ല. ഇതോടെ മത്സ്യത്തൊഴിലാളികളില്‍ ചിലര്‍ വള്ളത്തില്‍ കടലിലേക്ക് പോയി തിമിംഗലത്തെ വലിച്ച് കരയിലെത്തിക്കാന്‍ ശ്രമിച്ചു.

എന്നാല്‍ തിമിംഗലത്തിന്റെ വലിപ്പവും ആ സമയത്തെ കാറ്റും മഴയും മത്സ്യത്തൊഴിലാളികളെ നന്നേ വലച്ചു. വള്ളത്തിലെ ഇന്ധനം കൂടി തീരാറായതോടെ തിമിംഗലത്തെ കരയ്ക്കെത്തിക്കാനുള്ള ശ്രമം ഉപേക്ഷിച്ച് അവര്‍ തിരിച്ചുവരികയായിരുന്നു. രാത്രി ഏഴര മണിയോടെ തിമിംഗലത്തിന്റെ ശരീരം കരയ്ക്കടിഞ്ഞു. പാലോട് ഫോറസ്റ്റ് റേഞ്ചിലുള്ള ഉദ്യോഗസ്ഥരും അഞ്ചുതെങ്ങ് തീരദേശ പോലീസും സ്ഥലത്ത് എത്തിയിട്ടുണ്ട്. തിമിംഗലത്തിന്റെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ നാളെ രാവിലെയെ നടക്കൂയെന്നാണ് ലഭിക്കുന്ന വിവരം. അതുവരെ കോസ്റ്റല്‍ പോലീസിന്റെ നിരീക്ഷണം സ്ഥലത്തുണ്ടാവുമെന്ന് പാലോട് റേഞ്ച് ഫോറസ്റ്റ് ഓഫീസ് അറിയിച്ചു.


