Breaking News

അന്താരാഷ്ട്ര യോഗ ദിനം: പ്രതിരോധ സേനാ വിഭാഗങ്ങളിൽ വിപുലമായ ആഘോഷം

തിരുവനന്തപുരം: 12-ാമത് അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് പ്രതിരോധ സേനയ്ക്ക് കീഴിലുള്ള വിവിധ വിഭാഗങ്ങളിൽ വിപുലമായ യോഗ ദിനാചരണം സംഘടിപ്പിച്ചു. “ആരോഗ്യകരമായ വാർദ്ധക്യത്തിനായുള്ള യോഗ” എന്ന പ്രമേയത്തെ ആസ്പദമാക്കി നടന്ന പരിപാടികളിൽ സൈനികർ, മുൻസൈനികർ, എൻസിസി കേഡറ്റുകൾ, വിദ്യാർഥികൾ, കുടുംബാംഗങ്ങൾ തുടങ്ങി ആയിരക്കണക്കിന് പേർ പങ്കെടുത്തു.

ദക്ഷിണ വ്യോമസേനാ ആസ്ഥാനത്ത് യോഗാ ദിനാചരണം

ദക്ഷിണ വ്യോമസേനാ ആസ്ഥാനത്തും അതിന് കീഴിലുള്ള വിവിധ യൂണിറ്റുകളിലും അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു. ദക്ഷിണ വ്യോമസേനാ മേധാവി എയർ മാർഷൽ മനീഷ് ഖന്നയുടെ നേതൃത്വത്തിൽ വ്യോമസേനാംഗങ്ങളും കുടുംബാംഗങ്ങളും യോഗ സെഷനുകളിൽ പങ്കെടുത്തു. സമഗ്രമായ ആരോഗ്യവും മാനസിക പ്രതിരോധശേഷിയും വളർത്തുന്നതിൽ യോഗയുടെ പ്രാധാന്യം പരിപാടിയിലൂടെ എടുത്തുകാട്ടി.

പാങ്ങോട് സൈനിക കേന്ദ്രത്തിൽ ആറു ദിവസത്തെ പരിപാടികൾ

Pangode Military Station

പാങ്ങോട് സൈനിക കേന്ദ്രത്തിൽ ആറു ദിവസങ്ങളിലായി വിവിധ യോഗാ-ആരോഗ്യ പരിപാടികൾ സംഘടിപ്പിച്ചു. റെസിഡൻഷ്യൽ മേഖലകളിലെ യോഗ സെഷനുകൾ, കേരളത്തിലും തമിഴ്നാട്ടിലുമുള്ള മുൻസൈനികർക്കും ആശ്രിതർക്കുമായി യോഗ ക്യാമ്പുകൾ എന്നിവയും പരിപാടിയുടെ ഭാഗമായി നടന്നു.

സമാപന ദിവസത്തിൽ പാങ്ങോട് സ്റ്റേഷൻ കമാൻഡർ ബ്രിഗേഡിയർ അനുരാഗ് ഉപാധ്യായയുടെ നേതൃത്വത്തിൽ മെഗാ കോമൺ യോഗ സെഷൻ സംഘടിപ്പിച്ചു. 430 മുതിർന്നവരും 113 കുട്ടികളും ഉൾപ്പെടെ നൂറുകണക്കിന് പേർ പങ്കെടുത്തു. ആറു ദിവസങ്ങളിലായി നടന്ന പരിപാടികളിൽ ഏകദേശം 1450 സൈനികരും മുൻസൈനികരും ആശ്രിതരും പങ്കാളികളായി.

വിഴിഞ്ഞം കോസ്റ്റ് ഗാർഡ് സ്റ്റേഷനിൽ മാസ് യോഗ സെഷൻ

Coast Guard, Vizhinjam.

വിഴിഞ്ഞം ഇന്ത്യൻ കോസ്റ്റ് ഗാർഡ് സ്റ്റേഷൻ കോവളം ടർഫിൽ മാസ് യോഗ സെഷൻ സംഘടിപ്പിച്ചു. ഓഫീസർമാർ, സേനാംഗങ്ങൾ, സ്ത്രീകൾ, കുട്ടികൾ എന്നിവരടക്കം ഏകദേശം 100 പേർ പങ്കെടുത്ത പരിപാടിയിൽ യോഗാസനങ്ങൾ, പ്രാണായാമം, ധ്യാനം എന്നിവ പരിശീലിച്ചു.

എൻസിസിയുടെ നേതൃത്വത്തിൽ 26 കേന്ദ്രങ്ങളിൽ യോഗ
തിരുവനന്തപുരം എൻസിസി ഗ്രൂപ്പ് ആസ്ഥാനത്തിന് കീഴിലുള്ള 2 കേരള ബറ്റാലിയൻ എൻസിസി, 26 വ്യത്യസ്ത സ്ഥലങ്ങളിലായി യോഗ സെഷനുകൾ സംഘടിപ്പിച്ചു. കവടിയാർ സ്ക്വയർ, കനകക്കുന്ന് കൊട്ടാരം, മാനവീയം വീഥി, മ്യൂസിയം, ശംഖുമുഖം ബീച്ച് എന്നിവിടങ്ങളിലായിരുന്നു പ്രധാന പരിപാടികൾ.
ഈ വർഷത്തെ യോഗ ദിന പ്രമേയത്തോട് അനുബന്ധിച്ച് നടന്ന പരിപാടികളിൽ 1700 ഓളം കേഡറ്റുകളും 30 എൻസിസി ജീവനക്കാരും പങ്കെടുത്തു.

കഴക്കൂട്ടം സൈനിക് സ്കൂളിൽ യോഗയും വൃക്ഷത്തൈ നടീലും

Sainik School Kazhakootam

കഴക്കൂട്ടം സൈനിക് സ്കൂളിലും യോഗ ദിനാചരണം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. കേഡറ്റുകൾക്കും ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കുമായി യോഗ പരിശീലനങ്ങളും ബോധവത്കരണ പരിപാടികളും നടന്നു.

പ്രിൻസിപ്പൽ കേണൽ ധീരേന്ദ്ര കുമാറിന്റെ നേതൃത്വത്തിൽ യോഗയും സമഗ്രക്ഷേമവും എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച പരിപാടികൾ വൃക്ഷത്തൈ നടീലോടെ സമാപിച്ചു. വ്യക്തിപരമായ ആരോഗ്യവും പരിസ്ഥിതി സംരക്ഷണവും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്ന സന്ദേശമാണ് പരിപാടിയിലൂടെ നൽകിയത്.

പ്രതിരോധ സേനയുടെ വിവിധ വിഭാഗങ്ങൾ സംയുക്തമായി സംഘടിപ്പിച്ച യോഗ ദിനാചരണം ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനും മാനസിക-ശാരീരിക ക്ഷേമത്തിന്റെ പ്രാധാന്യം സമൂഹത്തിന് മുന്നിലെത്തിക്കുന്നതിനും സഹായകമായി.

Related posts

Leave a Reply

Your email address will not be published. Required fields are marked *