Breaking News

പ്രധാനമന്ത്രിയുടെ യു.എസ്.സന്ദര്‍ശനം: വന്‍ നേട്ടങ്ങള്‍ ഇതൊക്കെയാണ്

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ യു.എസ് സന്ദര്‍ശനത്തിലൂടെ ഇന്ത്യ സ്വന്തമാക്കുന്നത് വമ്പന്‍ നേട്ടങ്ങള്‍. സെമി കണ്ടക്ടറുകള്‍ മുതല്‍ ബഹിരാകാശ ഗവേഷണം വരെയുള്ള മേഖലകളില്‍ ഇന്ത്യയോടൊപ്പം സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ യു.എസിലെ പ്രമുഖ കമ്പനികളുമായി ധാരണയായി. കൂടാതെ, യു.എസ്. കമ്പനിയായ ജനറല്‍ ഇലക്ട്രിക്കല്‍സും ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക് ലിമിറ്റഡും (എച്ച്.എ.എല്‍.) സംയുക്തമായി ഇന്ത്യയില്‍ യുദ്ധവിമാന എന്‍ജിന്‍ നിര്‍മിക്കാനും കരാറായിട്ടുണ്ട്.

ഇന്ത്യയും യു.എസും തമ്മിലുള്ള പങ്കാളിത്തം 21-ാം നൂറ്റാണ്ടില്‍ ലോകത്തെ മികച്ചതാക്കുമെന്നാണ് യു.എസ്.സന്ദര്‍ശന വേളയില്‍ പ്രധാനമന്ത്രി പറഞ്ഞത്. ഇന്ത്യന്‍ ജനതയുടെ ആഗ്രഹങ്ങള്‍ അമേരിക്കന്‍ ജനതയുടെ സ്വപ്‌നങ്ങളില്‍ നിന്ന് വ്യത്യസ്തമല്ല. രാജ്യത്ത് ദാരിദ്ര്യം അതിവേഗം ഇല്ലാതാകുകയാണെന്നും മധ്യവര്‍ഗം വികസനത്തിന്റെ പാതയിലാണെന്നും രാജ്യത്ത് നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ യു.എസിന് വലിയ സാധ്യതകള്‍ തുറക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രധാനമന്ത്രിയുടെ യു.എസ് സന്ദര്‍ശനത്തിലൂടെ രാജ്യത്തിന് നേട്ടമാകുന്ന പ്രധാന കരാറുകള്‍:

1) ആമസോണ്‍, ഗൂഗിള്‍, മൈക്രോസോഫ്റ്റ് തുടങ്ങിയ ടെക്ക് ഭീമന്മാര്‍ ഇന്ത്യയില്‍ നടത്തുന്ന വലിയ നിക്ഷേപങ്ങള്‍- വരുന്ന 7 വര്‍ഷങ്ങള്‍ക്കുള്ളില്‍ ആമസോണ്‍ ഇന്ത്യയില്‍ 15 ബില്യന്‍ ഡോളറിന്റെ നിക്ഷേപം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. 2025 ആകുമ്പോഴേക്കും 20 ലക്ഷം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്നും കമ്പനി അറിയിച്ചു. ഗുജറാത്തില്‍ ഗൂഗിളിന്റെ ആഗോള ഫിന്‍ടെക് ഓപ്പറേഷന്‍ സെന്റര്‍ ആരംഭിക്കുമെന്ന് ഗൂഗിളും അറിയിച്ചു. കൂടാതെ, ഡിജിറ്റൈസേഷന്‍ ഫണ്ട് ആയി 10 ബില്യന്‍ ഡോളറിന്റെ നിക്ഷേപം ഇന്ത്യയില്‍ നടത്തുമെന്നും ഗൂഗിള്‍ സി.ഇ.ഒ സുന്ദര്‍ പിച്ചെ വ്യക്തമാക്കി. ഇന്ത്യന്‍ ജനതയുടെ പുരോഗമനം ലക്ഷ്യമിട്ട് നിര്‍മ്മിത ബുദ്ധി എങ്ങനെ പ്രയോജനപ്പെടുത്താമെന്ന വിഷയം മൈക്രോസോഫ്റ്റ് ചെയര്‍മാന്‍ സത്യ നാദേല്ലയുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തി.
2) യുദ്ധവിമാന എന്‍ജിന്‍ നിര്‍മിക്കാനുള്ള കരാര്‍- യു.എസ്.കമ്പനിയായ ജനറല്‍ ഇലക്ട്രിക്കല്‍സും ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക് ലിമിറ്റഡും (എച്ച്.എ.എല്‍.) സംയുക്തമായി ഇന്ത്യയില്‍ യുദ്ധവിമാന എന്‍ജിന്‍ നിര്‍മിക്കാന്‍ കരാറായി. യുദ്ധവിമാനങ്ങളുടെ എഞ്ചിന്‍ നിര്‍മ്മിക്കാനുള്ള സാങ്കേതിക വിദ്യ ഇന്ത്യയ്ക്ക് കൈമാറുന്ന കരാര്‍ രാജ്യത്തിന്റെ സമഗ്ര പുരോഗതിക്കുതന്നെ നിര്‍ണ്ണായകമാണ്. ഭാവിയില്‍ യാത്രാവിമാനങ്ങളുടെ എഞ്ചിന്‍ നിര്‍മ്മിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്കും ഈ കരാര്‍ സഹായിച്ചേക്കും. കേന്ദ്ര സര്‍ക്കാരിന്റെ ‘മെയ്ക്ക് ഇന്‍ ഇന്ത്യ’ പദ്ധതിക്ക് ലഭിച്ച അംഗീകാരംകൂടിയായി ഈ കരാറിനെ കണക്കാക്കാം.
3) സെമികണ്ടക്ടര്‍ മേഖലയിലെ അമേരിക്കന്‍ കമ്പനികളുടെ നിക്ഷേപം- സെമികണ്ടക്ടര്‍ വ്യവസായമേഖലയില്‍ അമേരിക്കന്‍ കമ്പനികള്‍ ഏതാണ്ട് 25,000 കോടിയുടെ നിക്ഷേപം നടത്താനാണ് ധാരണയായിട്ടുള്ളത്. മൈക്രോണ്‍ ടെക്നോളജി, അപ്ലൈഡ് മെറ്റീരിയല്‍സ് ലാം റിസര്‍ച്ച് എന്നീ കമ്പനികളാണ് നിക്ഷേപം നടത്തുക. ചൈന 30 വര്‍ഷംകൊണ്ട് ഈ മേഖലയില്‍ കൈവരിച്ച നേട്ടം പത്തുവര്‍ഷംകൊണ്ട് സാധ്യമാക്കാന്‍ ഇന്ത്യയ്ക്ക് സാധിക്കുമെന്നാണ് പ്രതീക്ഷ. ഇന്തോ-അമേരിക്കന്‍ വ്യവസായി സഞ്ജയ് മെഹ്റോത്രയുടെ മൈക്രോണ്‍ ടെക്നോളജി മാത്രം അഞ്ചുവര്‍ഷംകൊണ്ട് 22,516 കോടിയുടെ നിക്ഷേപം നടത്തും. പേഴ്സണല്‍ കംപ്യൂട്ടറുകള്‍, നെറ്റ്‌വര്‍ക്ക് ഉപകരണങ്ങള്‍, ഡേറ്റാ സെന്ററുകള്‍ എന്നിവയില്‍ വ്യാപകമായി ഉപയോഗിക്കുന്ന ഉയര്‍ന്ന പ്രവര്‍ത്തനക്ഷമതയുള്ള മെമ്മറി, സ്റ്റോറേജ് ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നതില്‍ പ്രശസ്തമാണ് മൈക്രോണ്‍ ടെക്നോളജി..
3280 കോടി നിക്ഷേപത്തിലൂടെ ഇലക്ട്രോണിക്സ് നിര്‍മാണ മേഖലയില്‍ പ്രാവീണ്യമുള്ള അപ്ലൈഡ് മെറ്റീരിയല്‍സ് ബെംഗളൂരുവില്‍ സഹകരണ എന്‍ജിനിയറിങ് സെന്റര്‍ സ്ഥാപിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചു. ഇന്ത്യയിലെ 60,000 ഹൈടെക് എന്‍ജിനിയര്‍മാര്‍ക്ക് അര്‍ധചാലക മേഖലയില്‍ ലാം റിസര്‍ച്ച് പരിശീലനം നല്‍കും. നേരിട്ടും അല്ലാതെയും 20,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നു.
4) ആര്‍ട്ടെമിസ് കരാറില്‍ ഇന്ത്യ ഭാഗമാകും- 2025ഓടെ മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാനുള്ള ആര്‍ട്ടെമിസ് കരാറില്‍ ഇന്ത്യ ഭാഗമാകും. ജോണ്‍സണ്‍ സ്പേസ് സെന്ററില്‍ ഇന്ത്യന്‍ ബഹിരാകാശയാത്രികര്‍ക്ക് പരിശീലനം നല്‍കാനും ധാരണയായി. ആണവശാസ്ത്രരംഗത്ത് ഇന്ത്യന്‍ ശാസ്ത്രജ്ഞന്മാര്‍ക്ക് യു.എസ് സ്ഥാപനങ്ങളില്‍ പരീക്ഷണങ്ങള്‍ നടത്താനുള്ള സൗകര്യം ഒരുക്കും. ഇതിനായി 14 കോടി ഡോളറോളം ഇന്ത്യ ചെലവഴിച്ചേക്കും.
5) അമേരിക്കയില്‍നിന്നുതന്നെ എച്ച്-1ബി വിസ പുതുക്കാനുള്ള തീരുമാനം- അമേരിക്കയില്‍നിന്നുതന്നെ എച്ച്-1ബി വിസ പുതുക്കാനുള്ള തീരുമാനവും പ്രധാനമാണ്. യു.എസില്‍ ഇതിന് സൗകര്യം ഒരുങ്ങുന്നതോടെ ആയിരക്കണക്കിന് ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്ക് ഈ തീരുമാനം ഗുണംചെയ്യും.

Related posts

Leave a Reply

Your email address will not be published. Required fields are marked *