

ഡല്‍ഹി: കോണ്‍ഗ്രസ് പാര്‍ട്ടിയെ വിടാതെ ആദായ നികുതി വകുപ്പ്. കഴിഞ്ഞ ദിവസം 1823 കോടി രൂപ പിഴയടയ്ക്കാന്‍ നോട്ടീസ് നല്‍കിയത് കൂടാതെ രണ്ട് നോട്ടീസുകളാണ് വീണ്ടും കോണ്‍ഗ്രസിന് ആദായ നികുതി വകുപ്പില്‍നിന്നും ലഭിച്ചത്. 2020 മുതല്‍ 2022 വരെയുള്ള പിഴയടയ്ക്കാനാണ് പുതിയ നോട്ടീസിലെ നിര്‍ദേശം. എന്നാല്‍ ഇതില്‍ തുക എത്രയാണെന്നത് പാര്‍ട്ടി പുറത്തുവിട്ടിട്ടില്ല. അതേസമയം, ആദായ നികുതി വകുപ്പിന്റെ നടപടിയെ കോടതിയില്‍ ചോദ്യം ചെയ്യാനാണ് കോണ്‍ഗ്രസ് തയാറെടുക്കുന്നത്.


ആദായ നികുതി വകുപ്പിന്റെ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന ആവശ്യമാകും കോണ്‍ഗ്രസ് പാര്‍ട്ടി സുപ്രീംകോടതിയില്‍ ഉന്നയിക്കുക. തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന തരത്തില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ നീങ്ങുന്നതിനെ കോണ്‍ഗ്രസ് ഹര്‍ജിയില്‍ ചോദ്യം ചെയ്യും. മാത്രമല്ല, ബി.ജെ.പിയില്‍നിന്ന് നികുതി പിരിക്കുന്നുണ്ടോയെന്ന ചോദ്യവും കോണ്‍ഗ്രസ് ചോദിക്കും. തിങ്കളാഴ്ച സുപ്രീംകോടതിയെ സമീപിക്കാനാണ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നീക്കം. കെജരിവാളിന്റെ അറസ്റ്റ് നാളത്തെ ഇന്ത്യ സഖ്യ റാലിയുടെ പ്രമേയമാക്കാന്‍ ആംആദ്മി പാര്‍ട്ടി ശ്രമിക്കുമ്പോള്‍, കോണ്‍ഗ്രസ് നേരിടുന്ന പ്രതിസന്ധിയും വിഷയമാണെന്ന് നേതൃത്വം തിരുത്തി. വ്യക്തി കേന്ദ്രീകൃത റാലിയല്ലെന്നും, അന്വേഷണ ഏജന്‍സികളുടെ ദുരുപയോഗവും, ഭരണഘടന സംരക്ഷണവും വിഷയങ്ങളാണെന്നും ജയറാം രമേശ് വ്യക്തമാക്കി.




