

തിരുവനന്തപുരം: ബി.ജെ.പിയുടേത് നാടിന് ചേരാത്ത നയവും നിലപാടുമാണെന്നും ജനം അത് അംഗീകരിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ നെയ്യാറ്റിന്‍കരയില്‍ പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ബി.ജെ.പി ഭരണത്തില്‍ വന്നതിന് ശേഷം ജനങ്ങള്‍ പേടിയോടെയാണ് ജീവിക്കുന്നത്. നരേന്ദ്ര മോദി സര്‍ക്കാര്‍ രാജ്യത്തെയാകെ തകര്‍ക്കാനുള്ള നീക്കമാണ് നടത്തുന്നത്. കേരളത്തില്‍ ജയിച്ചുവരാന്‍ കഴിയുന്ന ഒരു ശക്തിയല്ല ബി.ജെ.പി-അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ ജനാധിപത്യം ഉണ്ടോയെന്ന സംശയവും മുഖ്യമന്ത്രി പ്രകടിപ്പിച്ചു.


‘മതനിരപേക്ഷതയുടെ വിളനിലമായ നമ്മുടെ നാട് ബി.ജെ.പിയെ അംഗീകരിക്കില്ല. ഈ നാടിനു ചേരുന്ന നിലപാടും നയവുമല്ല ബി.ജെ.പിക്കുള്ളത്. നേരത്തെ തന്നെ ബി.ജെ.പിയെ ജനങ്ങള്‍ ഇവിടെ തിരസ്‌കരിച്ചതാണ്. അതു നല്ല നിലയില്‍ തുടരുമെന്നാണ് പ്രതീക്ഷിക്കേണ്ടത്. എന്നാല്‍ ഇവിടെ ബി.ജെ.പിയെ നേരിടാന്‍ ഞങ്ങള്‍ മതിയെന്ന് പറയുന്ന ഒരു കൂട്ടരാണ് യു.ഡി.എഫ്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് വലിയ വിജയമാണ് നേടിയത്. അന്ന് എല്‍.ഡി.എഫിനു കനത്ത തിരിച്ചടിയും ഏല്‍ക്കേണ്ടി വന്നു. എന്നാല്‍ കേരളം ആഗ്രഹിച്ച ഒരു വികസനവും യു.ഡി.എഫ് എം.പിമാര്‍ക്ക് നടത്താന്‍ സാധിച്ചില്ല’-മുഖ്യമന്ത്രി പറഞ്ഞു.




