

വര്‍ക്കല: വര്‍ക്കലയില്‍ യുവാവിനെ ടെറസില്‍ നിന്നും തള്ളി താഴെയിട്ട് ഗുരുതരമായി പരിക്കേല്പിച്ച കേസിലെ പ്രതികള്‍ അറസ്റ്റില്‍. ഇടവ പാറയില്‍ സ്വദേശികളായ ബിനു(27), മണികണ്ഠന് എന്ന വിമല്‍(24) എന്നിവരാണ് അറസ്റ്റിലായത്. വര്‍ക്കല വെണ്‍കുളം വയലില്‍ പുത്തന്‍വീട്ടില്‍ അജയനെയാണ് പ്രതികള്‍ ടെറസിന് മുകളില്‍നിന്നും തള്ളി താഴെയിട്ടത്. മാര്‍ച്ച് 3 ഞായറാഴ്ച രാത്രി 11.45 കൂടിയായിരുന്നു സംഭവം. അജയന്റെ വീടിന് മുന്നില്‍ നിന്ന് പ്രതികള്‍ അസഭ്യം വിളിച്ചിരുന്നു. അജയന് പ്രതികളുടെ പ്രവര്‍ത്തിയെ ചോദ്യം ചെയ്തു. ഇതില്‍ പ്രകോപിതരായ പ്രതികള്‍ വീടിന്റെ ടെറസിന് മുകളില്‍ നിന്ന അജയനു നേരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു.




അജയന്റെ വീടിന്റെ ടെറസില്‍ അതിക്രമിച്ച് കയറിയ പ്രതികള്‍ അജയനെ ക്രൂരമായി മര്‍ദ്ദിച്ച ശേഷം ടെറസില്‍നിന്നും തള്ളി താഴെയിടുകയായിരുന്നു. താഴെ വീണതിന് ശേഷവും അജയനെ പ്രതികള്‍ നിലത്തിട്ട് ചവിട്ടുകയും മര്‍ദ്ദിക്കുകയും ചെയ്തു. വീഴ്ചയില്‍ അജയന്റെ ഇടുപ്പെല്ലിന് പൊട്ടല്‍ സംഭവിക്കുകയും നട്ടെല്ലിന് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തിനുശേഷം ഒളിവില്‍ പോയ പ്രതികളെ ഇന്ന് അയിരൂര്‍ പോലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് പിടികൂടിയത്. അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.


