Breaking News

അനധികൃത നിര്‍മ്മാണം: വര്‍ക്കലയില്‍ ഹോം അപ്ലയന്‍സ് സ്ഥാപനം പൂട്ടിച്ചു

ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ചിരുന്ന ഹോം അപ്ലയന്‍സ് സ്ഥാപനം നഗരസഭ അധികൃതര്‍ പൂട്ടി സീല്‍ വച്ചപ്പോള്‍

വര്‍ക്കല: അനധികൃത നിര്‍മ്മാണമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് വര്‍ക്കലയിലെ റിസോര്‍ട്ടും ഹോം അപ്ലയന്‍സ് സ്ഥാപനം പൂട്ടിച്ചു. ഇന്ന് ഉച്ചയ്ക്ക് മൂന്നേമുക്കാലോടെയാണ് ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ചിരുന്ന ഹോം അപ്ലയന്‍സ് സ്ഥാപനം നഗരസഭ അധികൃതര്‍ പൂട്ടി സീല്‍ വച്ചത്. തുടര്‍ന്ന് നാലര മണിയോടെ അനധികൃത നിര്‍മ്മാണമെന്ന് കണ്ടെത്തിയ റിസോര്‍ട്ടിലും നഗരസഭ അധികൃതര്‍ പരിശോധന നടത്തി.

അനധികൃത നിര്‍മ്മാണമെന്ന് കണ്ടെത്തിയ റിസോര്‍ട്ടില്‍ നഗരസഭ അധികൃതര്‍ പരിശോധന നടത്തിയപ്പോള്‍

എന്നാല്‍ നേരത്തെ നല്‍കിയിരുന്ന സ്റ്റോപ് മെമ്മോ പ്രകാരം റിസോര്‍ട്ടിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചിരിക്കുന്നുവെന്ന് മനസിലാക്കിയതോടെ അവിടെ സ്ഥാപിച്ചിരുന്ന ബോര്‍ഡ് എടുത്തുമാറ്റാന്‍ നിര്‍ദേശം നല്‍കി നഗരസഭ അധികൃതര്‍ തിരിച്ചുപോയി. അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുന്നില്ലായെന്ന് ആരോപിച്ച് വര്‍ക്കല നഗരസഭയില്‍ നാടകീയ രംഗങ്ങളാണ് ഇന്നലെയും ഇന്നുമായി അരങ്ങേറിയത്.

അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നില്ലായെന്ന് ആരോപിച്ച് പ്രതിപക്ഷാംഗങ്ങള്‍ ഇന്നലെ വര്‍ക്കല നഗരസഭ സെക്രട്ടറിയെ തടഞ്ഞുവച്ചു. ബി.ജെ.പി-കോണ്‍ഗ്രസ് അംഗങ്ങള്‍ സംയുക്തമായാണ് സെക്രട്ടറിക്കെതിരെ സമര പരിപാടികള്‍ സംഘടിപ്പിച്ചത്. വ്യാഴാഴ്ച തുടങ്ങിയ പ്രതിഷേധം വെള്ളിയാഴ്ച പുലര്‍ച്ചെ 1 മണി വരെ നീണ്ടു. അനധികൃത നിര്‍മ്മാണം നടക്കുന്ന റിസോര്‍ട്ടിനും ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന ഹോം അപ്ലയന്‍സ് സ്ഥാപനത്തിനും എതിരെ നടപടി സ്വീകരിക്കണമെന്നായിരുന്നു പ്രതിപക്ഷാംഗങ്ങളുടെ ആവശ്യം.

വെള്ളിയാഴ്ച പുലര്‍ച്ചെ ഒരു മണി വരെ സെക്രട്ടറിയെയും ജീവനക്കാരെയും നഗരസഭ കെട്ടിടത്തിന് പുറത്തേക്കിറങ്ങാന്‍ പ്രതിപക്ഷാംഗങ്ങള്‍ അനുവദിച്ചില്ല. തുടര്‍ന്ന് പോലീസ് എത്തിയാണ് സെക്രട്ടറിയെയും മറ്റ് ജീവനക്കാരെയും പുറത്തിറക്കിയത്. ഇതില്‍ പ്രതിഷേധിച്ച് നഗരസഭ ജീവനക്കാര്‍ ഇന്ന് രാവിലെ നഗരസഭയില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചു. സ്വതന്ത്രമായി ജോലി ചെയ്യാനുള്ള സാഹചര്യം സൃഷ്ടിക്കപ്പെടണമെന്നായിരുന്നു ജീവനക്കാരുടെ ആവശ്യം.

ടൂറിസം മേഖലയായ വര്‍ക്കലയില്‍ റിസോര്‍ട്ടുകളില്‍ ഉള്‍പ്പെടെ നടക്കുന്ന അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നഗരസഭ അധികൃതര്‍ നടപടികള്‍ സ്വീകരിക്കുന്നില്ലായെന്നായിരുന്നു പ്രതിപക്ഷാംഗങ്ങളുടെ ആരോപണം. അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നടപടി എടുക്കാത്തത്തില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം നടന്ന കൗണ്‍സില്‍ യോഗം പ്രതിപക്ഷ പാര്‍ട്ടികള്‍ തടസ്സപ്പെടുത്തിയിരുന്നു.

പ്രതിഷേധം ശക്തമായതോടെ നാലു ദിവസത്തിനുള്ളില്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ആക്ട് പ്രകാരം ഡിസ്ട്രിക്ട് കളക്ടറുടെ അനുമതി നേടി നീന്തല്‍ കുളം മൂടുന്നതിനുള്ള നടപടി എടുക്കുമെന്ന് ചെയര്‍മാന്‍ ഉറപ്പുനല്‍കിയതോടെയാണ് മണിക്കൂറുകള്‍ക്ക് ശേഷം കൗണ്‍സില്‍ യോഗം തുടര്‍ന്നത്. മാത്രമല്ല, വര്‍ക്കലയില്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ചിരുന്ന ഹോം അപ്ലയന്‍സ് സ്ഥാപനത്തിനെതിരെയും നഗരസഭ നടപടി സ്വീകരിച്ചിരുന്നില്ല.

പ്രതിപക്ഷാംഗങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് നഗരസഭ അധികൃതര്‍ ഇന്നലെ രാത്രി ഏഴര മണിയോടെ ഹോം അപ്ലയന്‍സ് സ്ഥാപനം പൂട്ടിട്ട് പൂട്ടിയെങ്കിലും അല്‍പ സമയത്തിനകം പ്രവര്‍ത്തനം തുടങ്ങി. ഇതേ തുടര്‍ന്ന് പ്രതിപക്ഷാംഗങ്ങള്‍ ഇന്ന് പുലര്‍ച്ചെ 1 മണി വരെ നഗരസഭ സെക്രട്ടറിയെയും ജീവനക്കാരെയും തടഞ്ഞുവച്ചു. അതില്‍ പ്രതിഷേധിച്ച് ഇന്ന് രാവിലെ ജീവനക്കാരും സമര പരിപാടികളിലേക്ക് നീങ്ങുകയായിരുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *