

വര്‍ക്കല: വര്‍ക്കല പാലച്ചിറയില്‍ വര്‍ക്കലയില്‍ വീടിനു മുകളില്‍ പ്ലാവ് കടപുഴുകി വീണ് ഗൃഹനാഥയ്ക്ക് പരിക്ക്. പാലച്ചിറ കിടാകത്തുവിള ചരുവിളവീട്ടില്‍ താമസിക്കുന്ന കമലമ്മയുടെ വീടിന് മുകളിലൂടെയാണ് പ്ലാവ് കടപുഴുകി വീണത്.
ഇന്ന് വെളുപ്പിന് രണ്ട് മണിയോടുകൂടിയായിരുന്നു സംഭവം. വീട്ടിനുള്ളില്‍ ഉറങ്ങിക്കിടന്ന 86 വയസുള്ള കമലമ്മയുടെ മേല്‍ ഓട് പൊട്ടി വീണ് തലക്ക് പരിക്കേറ്റു. ഇവരെ ഉടന്‍ തന്നെ വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയില്‍ എട്ട് തുന്നിക്കെട്ടുകള്‍ ഉണ്ട്. കമലമ്മയോടൊപ്പം ഉറങ്ങിക്കിടന്ന ചെറുമകന്‍ ശ്രീഹരി അത്ഭുതകരമായി രക്ഷപ്പെട്ടു.






കമലമ്മയും മകള്‍ ബിന്ദുവും ബിന്ദുവിന്റെ മകന്‍ ശ്രീഹരിയും ഉള്‍പ്പെടുന്ന മൂന്നംഗങ്ങളാണ് വീട്ടില്‍ താമസിക്കുന്നത്. വര്‍ക്കലയിലെ വിവിധ പ്രദേശങ്ങളില്‍ ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടമുണ്ടായിട്ടുണ്ട്. വര്‍ക്കല ശിവഗിരി എസ്.എന്‍ കോളേജില്‍ മരം കടപുഴകി വീണു. വര്‍ക്കല കണ്വാശ്രമം കുന്നുംപുറം കോളനിയില്‍ തെങ്ങ് കടപുഴകി റോഡിന് കുറുകെയും വീടിന് മുകളിലുമായി വീണു. വര്‍ക്കല ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ ബുധനാഴ്ച വെളുപ്പിന് നാലുമണിക്ക് തുടങ്ങിയ രക്ഷാപ്രവര്‍ത്തനങ്ങള്‍ വൈകിട്ട് നാല് മണിയോടെയാണ് പൂര്‍ത്തിയാക്കിയത്.



