
തിരുവനന്തപുരം: കിഫ്ബിയെ കുറിച്ചുള്ള സി.എ.ജി റിപ്പോര്‍ട്ടിലെ വാദങ്ങള്‍ തെറ്റാണെന്നു ധനമന്ത്രി ടി.എം.തോമസ് ഐസക്. സി.എ.ജി റിപ്പോര്‍ട്ട് ഏകപക്ഷീയമായാണ് തയാറാക്കിയത്. ഇത് നിയമസഭയോടുള്ള അനാദരവാണ്. പ്രതിപക്ഷം നല്കിയ അടിയന്തര പ്രമേയ നോട്ടിസിനു മറുപടി പറയുകയായിരുന്നു അദ്ദേഹം.
ഫെമ നിയമപ്രകാരം ഒരു ബോഡി കോര്‍പറേറ്റായ കിഫ്ബിക്ക് വായ്പ എടുക്കാന്‍ അവകാശമുണ്ട്. വായ്പയ്ക്കെതിരെ റിസര്‍വ് ബാങ്ക് ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല. കേരളമെന്ന സംസ്ഥാനത്തുള്ള കിഫ്ബി ലോക വിപണിയിലേക്കിറങ്ങുന്നു എന്നതിന്റെ സന്ദേശം നല്‍കുകയാണ് മസാല ബോണ്ടിലൂടെ ചെയ്തതെന്നും ധനമന്ത്രി പറഞ്ഞു.
മസാല ബോണ്ടുകള്‍ വിറ്റഴിച്ചതുള്‍പ്പെടെയുള്ള കടമെടുപ്പ് ബജറ്റിനു പുറത്തുള്ള കടമെടുപ്പാണെന്നും ഇതു ഭരണഘടനാ ലംഘനമാണെന്നും ചൂണ്ടിക്കാട്ടി വി.ഡി.സതീശനാണ് അടിയന്തര പ്രമേയത്തിനു നോട്ടിസ് നല്‍കിയത്. ചര്‍ച്ചകള്‍ക്കൊടുവില്‍ പ്രമേയം സഭ തള്ളി. ധനമന്ത്രിയുടെ മറുപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍നിന്ന് ഇറങ്ങിപ്പോയി.
കിഫ്ബി പദ്ധതികള്‍ നടപ്പിലായാല്‍ കേരളത്തിന്റെ മുഖച്ഛായ തന്നെ മാറുമെന്ന് പറഞ്ഞ ധനമന്ത്രി കിഫ്ബി പദ്ധതികള്‍ വേണോ വേണ്ടയോ എന്നകാര്യം യു.ഡി.എഫ് ജനങ്ങളോട് പറയണമെന്നും ആവശ്യപ്പെട്ടു. മാര്‍ച്ചിനകം 12,000കോടിരൂപ കിഫ്ബി പദ്ധതികള്‍ക്കു നല്കാന് തയാറെടുക്കുന്നതായും 60,000 കോടിയുടെ പദ്ധതികളാണ് കിഫ്ബിയിലൂടെ നടപ്പിലാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അതിനിടയില്‍ ധൃതിപിടിച്ച് റിപ്പോര്‍ട്ട് തയാറാക്കിയത് ഭരണഘടനാ സ്ഥാപനങ്ങളെ ബിജെപി സര്‍ക്കാര്‍ തങ്ങളുടെ ഇംഗിതത്തിനു അനുസരിച്ച് ഉപയോഗിക്കുന്നതിന് തെളിവാണെന്നും അദ്ദേഹം ആരോപിച്ചു.
കിഫ്ബി ഭരണഘടനാ വിരുദ്ധമെന്നല്ല, വിദേശ വായ്പ എടുത്തതാണ് ഭരണഘടനാവിരുദ്ധമെന്ന് വി.ഡി.സതീശന് ചൂണ്ടിക്കാട്ടി. ഏതു നിയമത്തിന്റെ അടിസ്ഥാനത്തിലാണ് വിദേശത്തുനിന്നു കടമെടുത്തതെന്നു ധനമന്ത്രി വ്യക്തമാക്കണം. സംസ്ഥാന സര്‍ക്കാരിന് എങ്ങനെയാണ് വിദേശ കടമെടുക്കാന്‍ കഴിയുകയെന്നു സതീശന് ചോദിച്ചു.
സിഎജിയെക്കുറിച്ച് ധനമന്ത്രി നടത്തിയ പരാമര്‍ശത്തെ സതീശന് എതിര്‍ത്തു. തുടര്‍ന്ന്, വ്യക്തിപരമായ പരാമര്‍ശങ്ങള്‍ പിന്‍വലിക്കുന്നതായി ധനമന്ത്രി അറിയിച്ചു. സിഎജി എക്സിറ്റ് മീറ്റിങ്ങിന്റെ മിനിട്ട്സ് ധനവകുപ്പിലേക്ക് അയച്ചിട്ടുണ്ടെന്നു താനതു തെളിയിക്കുമെന്നും സതീശന് വ്യക്തമാക്കി. ധനമന്ത്രിയുടെ മറുപടി തൃപ്തികരമല്ലെന്നും മന്ത്രി രാജിവച്ച് ഒഴിയണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.