Breaking News

സുപ്രധാന ദിനം; കോവിഡ് വാക്‌സിന്‍ വിതരണം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

നരേന്ദ്ര മോദി

ന്യൂഡല്‍ഹി: ലോകത്തെ മുഴുവന്‍ ഭീതിയിലാക്കിയ കൊറോണ വൈറസിനെ തുടച്ചുനീക്കുകയെന്ന ലക്ഷ്യത്തോടടുത്ത് ഇന്ത്യയില്‍ കോവിഡ് വാക്‌സിനേഷന് തുടക്കമായി. ഡല്‍ഹിയില്‍നിന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ രാജ്യത്തെ കോവിഡ് വാക്സിന്‍ വിതരണം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. വിതരണം ചെയ്യുന്ന രണ്ട് വാക്‌സിനുകളും ഇന്ത്യയില്‍ നിര്‍മ്മിച്ചതാണെന്ന് അദ്ദേഹം പറഞ്ഞു.
ലോകത്തിലെ ഏറ്റവും വലിയ വാക്‌സിനേഷന്‍ പ്രക്രിയയാണ് രാജ്യത്ത് നടക്കുന്നതെന്ന് പറഞ്ഞ മേദി കോവിഡ് വാക്‌സിന്റെ രണ്ട് ഡോസുകളും പ്രധാനപ്പെട്ടതാണെന്നും ജനങ്ങളെ ഓര്‍മ്മിപ്പിച്ചു. രണ്ട് ഡോസുകളും സ്വീകരിക്കുന്നതിന് ഒരു മാസത്തെ ഇടവേളയുണ്ടാകണമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടിട്ടുണ്ടെന്നും മോദി ചൂണ്ടിക്കാട്ടി.
സാധാരണഗതിയില്‍ ഒരു വാക്സിന്‍ വികസിപ്പിക്കാന്‍ വര്‍ഷങ്ങള്‍ വേണ്ടിവരും. എന്നാല്‍, കുറഞ്ഞ സമയത്തിനുള്ളില്‍ രണ്ട് മെയ്ഡ് ഇന്‍ ഇന്ത്യ വാക്‌സിനുകള്‍ തയാറാക്കാന്‍ നമുക്ക് സാധിച്ചു. ഈ അവസരത്തില്‍ എല്ലാ പൗരന്മാരെയും അഭിനന്ദിക്കുന്നു. മറ്റ് വാക്‌സിനുകള്‍ വികസിപ്പിക്കുന്ന പ്രക്രിയകളും അതിവേഗം പുരോഗമിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചുകഴിഞ്ഞ് മാസ്‌ക് ഉപയോഗിക്കല്‍, സാമൂഹ്യഅകലം പാലിക്കല്‍ എന്നീ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വിട്ടുവീഴ്ച കാണിക്കരുതെന്നും അദ്ദേഹം പറഞ്ഞു. കാരണം രണ്ടാമത്തെ ഡോസിനു ശേഷമാണ് പ്രതിരോധശേഷി രൂപപ്പെടുന്നത്. മൂന്നുകോടിയില്‍ താഴെ ജനസംഖ്യയുള്ള നൂറിലധികം രാജ്യങ്ങളുണ്ട്. എന്നാല്‍ ഇന്ത്യ ആദ്യഘട്ടത്തില്‍ മാത്രം മൂന്നുകോടി ജനങ്ങള്‍ക്ക് കോവിഡ് വാക്സിന്‍ നല്‍കുകയാണ്. രണ്ടാംഘട്ടത്തില്‍ ഇത് മുപ്പതു കോടി ആക്കേണ്ടതുണ്ട്- പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവിഷീല്‍ഡ്, ഭാരത് ബയോടെക്കിന്റെ കോവാക്സിന്‍ എന്നീ വാക്സിനുകള്‍ക്കാണ് രാജ്യത്ത് അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയിട്ടുള്ളത്. ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് ആദ്യഘട്ടത്തില്‍ വാക്സിന്‍ നല്‍കുന്നത്. രാജ്യത്തെ 3,006 കേന്ദ്രങ്ങളിലാണ് വാക്സിന്‍ വിതരണം നടക്കുന്നത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *