Breaking News

ജീവനക്കാര്‍ കെ.എസ്.ആര്‍.ടി.സി കട്ടുമുടിക്കുന്നു: ഗുരുതര ആരോപണവുമായി എം.ഡി

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി. ജീവനക്കാരുടെ ഭാഗത്തുനിന്ന് വന്‍ വീഴ്ചകള്‍ സംഭവിക്കുന്നുവെന്ന് എം.ഡി ബിജു പ്രഭാകര്‍. കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ പണം തട്ടിക്കല്‍ ഉള്‍പ്പെടെയുള്ള ചെയ്തികളാണ് കെ.എസ്.ആര്‍.ടി.സിയെ നഷ്ടത്തിലാക്കുന്നത്, ജീവനക്കാര്‍ മറ്റ് ജോലികളില്‍ ഏര്‍പ്പെടുന്നു എന്നിങ്ങനെ ഗുരുതരമായ ആരോപണങ്ങളാണ് ബിജു പ്രഭാകര്‍ വാര്‍ത്താസമ്മേളനത്തില്‍ ഉന്നയിച്ചത്.
സര്‍ക്കാരില്‍നിന്നും നല്ല ശമ്പളം പറ്റിക്കൊണ്ട് സ്ഥിരം ജീവനക്കാര്‍ പോലും കൃഷി, ട്യൂഷന്‍ തുടങ്ങി മറ്റു പല ജോലികളിലും ഏര്‍പ്പെടുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇന്ധനം കടത്തിയും ടിക്കറ്റ് മെഷീനില്‍ ക്രമക്കേട് നടത്തിയും വര്‍ക്ക് ഷോപ്പുകളില്‍ സാധനങ്ങള്‍ വാങ്ങുന്നതിലും ക്രമക്കേടുകള്‍ നടത്തി പണം തട്ടിക്കുന്ന ജീവനക്കാരുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
ചിലര്‍ ദീര്‍ഘദൂര സ്വകാര്യ ബസുകളെ സഹായിക്കാന്‍ ശ്രമിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. പല ജനപ്രതിനിധികളും തങ്ങളുടെ മണ്ഡലത്തില്‍ വണ്ടികള്‍ സ്വന്തം ക്രഡിറ്റിനുവേണ്ടി ഉപയോഗിക്കുന്നുന്നുണ്ടെന്നും ബിജു പ്രഭാകര്‍ കുറ്റപ്പെടുത്തി. കെ.എസ്.ആര്‍.ടി.സി നേരിടുന്ന പ്രതിസന്ധി മറികടക്കുന്നതിനായി നടത്തിയ പഠനത്തില്‍നിന്നാണ് ജീവനക്കാരുടെ ഭാഗത്തുനിന്നുള്ള വീഴ്ചകള്‍ കണ്ടെത്തിയതെന്ന് അദ്ദേഹം പറഞ്ഞു
2012-2015 കാലയളവില്‍ കെ.എസ്.ആര്‍.ടിയില്‍നിന്ന് 100 കോടിയോളം രൂപ കാണാതായി. ഇതുമായി ബന്ധപ്പെട്ട് അന്ന് അക്കൗണ്ട്സ് മാനേജരായിരുന്ന ശ്രീകുമാറിനെതിരെ നടപടി സ്വീകരിക്കും. പോക്സോ കേസില്‍ റിമാന്‍ഡ് ചെയ്യപ്പെട്ട ജീവനക്കാരനെ തിരിച്ചെടുത്ത വിജിലന്‍സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ പി.എം.ഷറഫിനെതിരെയും നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിലവില്‍ 7000ല്‍ അധികം ജീവനക്കാര്‍ അധികമുണ്ട്. ആരെയും പിരിച്ചുവിടുക എന്നത് സര്‍ക്കാരിന്റെയും കെഎസ്ആര്‍ടിസിയുടെയും നയമല്ല. ഘട്ടംഘട്ടമായി മൂന്നോ നാലോ വര്‍ഷംകൊണ്ട് ജീവനക്കാരുടെ എണ്ണം കുറയ്ക്കുകയാണ് ലക്ഷ്യമിടുന്നത്. മുഴുവന്‍ പ്രവര്‍ത്തനങ്ങളും കമ്പ്യൂട്ടറൈസ് ചെയ്ത് കോര്‍പറേഷനെ പുനരുജ്ജീവിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Related posts

Leave a Reply

Your email address will not be published. Required fields are marked *