

തിരുവനന്തപുരം: ചികിത്സാ സംവിധാനങ്ങളിലെ അപര്യാപ്തതകളുമായി ബന്ധപ്പെട്ട് നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ കോളജ് യൂറോളജി വകുപ്പ് മേധാവി ഡോ.ഹാരിസ് ചിറക്കലിനെതിരെ സ്വീകരിക്കുന്ന പ്രതികാര നടപടികളെ ചെറുക്കുമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍(ഐ.എം.എ). ഇത്തരം പ്രതികാര നടപടികള്‍ നിസ്വാര്‍ത്ഥമായി ജനസേവനം നടത്തുന്ന മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകരുടെയും ആത്മവീര്യത്തെ തന്നെ തകര്‍ക്കുമെന്നും ഐ.എം.എ വ്യക്തമാക്കുന്നു.

ഡോ.ഹാരിസ് സദുദ്ദേശത്തോടെയാണ് വെളിപ്പെടുത്തലുകള്‍ നടത്തിയത്. ആരോഗ്യ വകുപ്പിന്റെ ‘സിസ്റ്റം തകരാറാണ്’യഥാര്‍ത്ഥ പ്രശ്‌നമെന്നും ആരോഗ്യ മന്ത്രി തന്നെ മുന്‍പ് സമ്മതിച്ചിരുന്നതാണ്. എന്നിട്ടും സ്വന്തം വകുപ്പിലെ ‘സിസ്റ്റം തകരാറുകള്‍’ പരിഹരിക്കാന്‍ യാതൊരു നടപടിയും സ്വീകരിക്കാതെ ഹാരിസിനെ പോലൊരു ജനകീയ ഡോക്ടര്‍ക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കാന്‍ കോപ്പ് കൂട്ടുന്നത് മെഡിക്കല്‍ കോളജുകളെ തങ്ങളുടെ ചികിത്സക്കുള്ള അന്തിമാശ്രയമായി കരുതുന്ന ലക്ഷക്കണക്കിന് പാവപ്പെട്ട രോഗികളോടുള്ള യുദ്ധപ്രഖ്യാപനമായി മാത്രമേ കരുതാനാവൂ. ഇത്തരം ബ്യൂറോക്രാറ്റിക് ധാര്‍ഷ്ട്യങ്ങള്‍ക്കെതിരെ ജനങ്ങള്‍ അണിനിരക്കണം-ഐ.എം.എ പറയുന്നു.

സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍ നേരിടുന്ന വെല്ലുവിളികള്‍ എന്തൊക്കെയെന്ന് പഠിക്കാനും പരിഹരിക്കാനും അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നും അതിനായി പ്രത്യേക വിദഗ്ധ സമിതിയെ നിയോഗിക്കണമെന്നും ഐ.എം.എ തിരുവനന്തപുരം പ്രസിഡന്റ് ഡോ.ആര്‍.ശ്രീജിത്ത്, സെക്രട്ടറി ഡോ.സ്വപ്‌ന.എസ്.കുമാര്‍ എന്നിവര്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍ നേരിടുന്ന ഗുരുതര പ്രതിസന്ധിയെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനും ഇതുസംബന്ധിച്ച പൊതുജനങ്ങളുടെയും ആരോഗ്യ വിദഗ്ദരുടെയും അഭിപ്രായങ്ങള്‍ ക്രോഡീകരിക്കുന്നതിനുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഒരു ‘ഓപ്പണ്‍ ഫോറം’ ഇന്ന് രണ്ട് മണിക്ക് തിരുവനന്തപുരം ജനറല്‍ ആശുപത്രിക്ക് എതിര്‍വശമുള്ള ഐ.എം.എ ഹാളില്‍ വച്ച് സംഘടിപ്പിച്ചിട്ടുണ്ടെന്നും അവര്‍ അറിയിച്ചു.
