Breaking News

അനധികൃത റിസോര്‍ട്ടുകള്‍ പൂട്ടിച്ചു; വര്‍ക്കല നഗരസഭയ്ക്ക് മുന്നില്‍ പ്രതിഷേധം

വര്‍ക്കല: വര്‍ക്കലയില്‍ അനധികൃതമായി പ്രവര്‍ത്തിച്ചുവന്ന റിസോര്‍ട്ടുകള്‍ പൂട്ടി സീല്‍വച്ചതില്‍ പ്രതിഷേധിച്ച് റിസോര്‍ട്ട് ഉടമകളും ജീവനക്കാരും നഗരസഭ ഓഫീസിന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചു. വര്‍ക്കല ടൂറിസം ഡെവലപ്‌മെന്റ് അസോസിയേഷന്‍ സെക്രട്ടറി ബൈജു, ജോയിന്റ് സെക്രട്ടറി എസ്.കെ.എം. സുനില്‍കുമാര്‍, അഡൈ്വസര്‍ ഡോ: സഞ്ജയ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ മാര്‍ച്ച്. ഇന്നലെ അടച്ചുപൂട്ടിയ റിസോര്‍ട്ടുകള്‍ പതിനഞ്ചു വര്‍ഷത്തിലധികമായി പ്രവര്‍ത്തിച്ച് വരുന്നവയാണെന്നും കഴിഞ്ഞ വര്‍ഷം മുതല്‍ നഗരസഭ താല്‍ക്കാലിക ലൈസന്‍സ് നല്‍കുന്നില്ലെന്നും വര്‍ക്കല ടൂറിസം ഡെവലപ്‌മെന്റ് അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറി എസ്.കെ.എം. സുനില്‍കുമാര്‍ പറഞ്ഞു. മുന്‍ വര്‍ഷങ്ങളില്‍ എങ്ങനെയാണോ ലൈസന്‍സ് നല്‍കിയിരുന്നത് അതേ രീതിയില്‍തന്നെ തുടര്‍ന്നും ലൈസന്‍സ് നല്‍കണമെന്ന് ആവശ്യപ്പെട്ട എസ്.കെ.എം.സുനില്‍കുമാര്‍ നഗരസഭ സ്ഥാപിത താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടിയാണ് തങ്ങള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചതെന്നും ആരോപിച്ചു.

വര്‍ക്കല നഗരസഭ ഓഫീസിന് മുന്നില്‍ നിന്ന് ആരംഭിച്ച പ്രതിഷേധ മാര്‍ച്ച് വര്‍ക്കല പോലീസ് സ്റ്റേഷന്‍ ചുറ്റി തിരികെ നഗരസഭ ഓഫീസിന് മുന്നിലെത്തി അവസാനിച്ചു. കഴിഞ്ഞ ദിവസം തിരുവനന്തപുരം ജില്ലാ കളക്ടര്‍ വര്‍ക്കല ബീച്ച് സന്ദര്‍ശിച്ചിരുന്നു. ഇന്നലെയാണ് വര്‍ക്കല തിരുവമ്പാടിയില്‍ ബീച്ച് കയ്യേറി നിര്‍മ്മിച്ച ജയറാം കഫേ, ബ്ലാക്ക് ബീച്ച് എന്നീ റിസോര്‍ട്ടുകള്‍ നഗരസഭ പൂട്ടി സീല്‍ ചെയ്തത്. ഈ റിസോര്‍ട്ടുകള്‍ പ്രവര്‍ത്തിക്കുന്നതിന് ആവശ്യമായ നിയമാനുസൃതമായ യാതൊരുവിധ ലൈസന്‍സും ഉണ്ടായിരുന്നില്ലെന്ന് നഗരസഭ അധികൃതര്‍ വ്യക്തമാക്കി. നിയമനടപടി സ്വീകരിക്കാനെത്തിയ നഗരസഭ ഉദ്യോഗര്‍സ്ഥര്‍ക്ക് നേരെ റിസോര്‍ട്ട് നടത്തിപ്പുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് നഗരസഭ അധികൃതര്‍ വര്‍ക്കല പോലീസിന്റെ സഹായം തേടി. പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ച ശേഷമാണ് റിസോര്‍ട്ടുകള്‍ പൂട്ടി സീല്‍ ചെയ്തത്. ഇന്നലെ വൈകുന്നേരം നാലരയോടെ ആരംഭിച്ച നിയമ നടപടികള്‍ രാത്രി ഏഴുമണിയോടെയാണ് പൂര്‍ത്തിയായത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *