Breaking News

ദേശീയപാത നിര്‍മ്മാണ സാമഗ്രികള്‍ കവര്‍ച്ച ചെയ്തു; മൂന്നു പേര്‍ അറസ്റ്റില്‍

ആറ്റിങ്ങല്‍: ദേശീയപാത നിര്‍മ്മാണ സാമഗ്രികള്‍ കവര്‍ച്ച ചെയ്ത കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. പത്തനംതിട്ട ആറന്മുള താഴത്തേതില്‍ വീട്ടില്‍ മനോജ്(49), കല്ലമ്പലം തോട്ടയ്ക്കാട് വെടിമണ്‍കോണം പുത്തന്‍വിള വീട്ടില്‍ വിമല്‍രാജ്(34), വര്‍ക്കല ചെറുന്നിയൂര്‍ വെണ്ണിയോട് വായനശാലയ്ക്ക് സമീപം താമസിക്കുന്ന മനോജ്(44) എന്നിവരാണ് അറസ്റ്റിലായത്. കഴക്കൂട്ടം മുതല്‍ കടമ്പാട്ടുകൊണം വരെയുള്ള എന്‍.എച്ച് 66 ന്റെ നിര്‍മ്മാണത്തിനായി കരാര്‍ കമ്പനി അവരുടെ കൊല്ലമ്പുഴ, മാമം യാര്‍ഡുകളില്‍ ശേഖരിച്ച് സൂക്ഷിച്ചിരുന്ന മെറ്റലുകള്‍ കമ്പികള്‍ അടക്കമുള്ള ലക്ഷകണക്കിന് രൂപ വില വരുന്ന നിര്‍മ്മാണ സാമഗ്രികളാണ് പ്രതികള്‍ മോഷ്ടിച്ചത്.

കരാര്‍ കമ്പനിയായ ആര്‍.ഡി.എസ് കമ്പനിയുടെ മുന്‍ ജീവനക്കാരനായ പത്തനംതിട്ട സ്വദേശി മനോജ് ഇനിയും ഈ കേസില്‍ പിടികൂടാനുള്ള ബീഹാര്‍ സ്വദേശിയുമായി ചേര്‍ന്ന് കഴിഞ്ഞ കുറെ നാളുകളായി നിര്‍മ്മാണ സാമഗ്രികള്‍ മോഷണം ചെയ്തു വരികയായിരുന്നു. നിര്‍മ്മാണ സാമഗ്രികള്‍ മോഷണം പോയത് ശ്രദ്ധയില്‍പെട്ടതോടെ കമ്പനി ആറ്റിങ്ങല്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. മോഷ്ടിച്ചെടുത്ത സാധന സാമഗ്രികള്‍ ചില സ്വകാര്യ നിര്‍മ്മാണ കമ്പനികള്‍ക്കും സ്വകാര്യ യാര്‍ഡുകളിലും പകുതി വിലയ്ക്ക് വിറ്റഴിക്കുകയായിരുന്നു പ്രതികള്‍ ചെയ്തിരുന്നത്. ക്രമക്കേടുകളെ തുടര്‍ന്ന് കമ്പനിയില്‍ നിന്നും പുറത്താക്കിയ മനോജ് വിമല്‍രാജും കമ്പനി എഞ്ചിനീയറിംഗ് വിഭാഗത്തിലെ ബീഹാര്‍ സ്വദേശിയായ ഉദ്യോഗസ്ഥനുമായി ചേര്‍ന്നാണ് ഇത്തരത്തില്‍ മോഷണം നടത്തി വന്നിരുന്നത്.

ലോറികളും എസ്‌കവേറ്ററും ഉപയോഗിച്ചാണ് പ്രതികള്‍ മോഷണം നടത്തിയത്. പ്രതികള്‍ നാഷണല്‍ ഹൈവേയുടെ പണിക്കാരാണെന്നു വിചാരിച്ച് പോലീസ് ഇവരെ ശ്രദ്ധിക്കാറില്ലായിരുന്നു. ആറ്റിങ്ങല്‍ ഡി.വൈ.എസ്.പി മഞ്ജുലാലിന്റെ നേതൃത്വത്തില്‍ ആറ്റിങ്ങല്‍ എസ്.എച്ച്.ഒ ഗോപകുമാര്‍.ജി, എസ്.ഐമാരായ സജിത്ത്.എസ്. ജിഷ്ണു. സ്‌പെഷ്യല്‍ സി.പി.ഒമാരായ മനോജ്കുമാര്‍.കെ, ശരത് കുമാര്‍.എല്‍.ആര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. കൂടുതല്‍ അന്വേഷണത്തിനായി പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് പോലീസ് അറിയിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *