
ന്യൂഡല്‍ഹി: കാര്‍ഷിക നിയമം റദ്ദാക്കിയാല്‍ ചര്‍ച്ചയാവാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് കര്‍ഷകര്‍. കാര്‍ഷിക നിയമങ്ങളെക്കുറിച്ച് കേന്ദ്രമന്ത്രിമാരായ പിയൂഷ് ഗോയലും നരേന്ദ്ര സിങ് തോമറും പറയുന്നത് കര്‍ഷക സംഘടനകള്‍ കേള്‍ക്കണമെന്ന ട്വീറ്റിനുള്ള മറുപടിയായാണ് കര്‍ഷകര്‍ ഒത്തുതീര്‍പ്പ് ഫോര്‍മുല സ്വീകാര്യമല്ലെന്നും, നിയമം റദ്ദാക്കിയാല്‍ ചര്‍ച്ചയാവാമെന്നും വ്യക്തമാക്കിയത്.
കര്‍ഷകരെ നേരിട്ടു ബാധിക്കുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാമെന്നല്ലാതെ നിയമങ്ങള്‍ പിന്‍വലിക്കുന്നത് പരിഗണനയില്‍ ഇല്ലെന്ന് കേന്ദ്ര സര്‍ക്കാരും നിയമം പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് പിന്മാറിലെന്ന് കര്‍ഷകരും പറയുമ്പോള്‍ സമരം വേറിട്ട തലത്തിലേക്ക് മാറുമെന്ന കാര്യത്തില്‍ സംശയമില്ല.
ദേശീയ പാതകള്‍ക്ക് പുറമേ രാജ്യവ്യാപകമായി ട്രെയിന്‍ തടയല്‍ സമരത്തിലേക്ക് നീങ്ങാന്‍ കര്‍ഷക സംഘടനകള്‍ തീരുമാനിച്ചിട്ടുണ്ട്. ബി.ജെ.പി ഓഫീസുകള്‍ ഉപരോധിക്കുന്ന കാര്യം ചര്‍ച്ച ചെയ്യാന്‍ ഇന്ന് കര്‍ഷക സംഘടകള്‍ യോഗം ചേരുന്നുണ്ട്. തിങ്കളാഴ്ചയാണ് പാര്‍ട്ടി ഓഫീസുകള്‍ ഉപരോധിക്കുന്നത്.
കര്‍ഷകരുടെ ആവശ്യങ്ങള്‍ പരിഗണിച്ചില്ലെങ്കില്‍ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് അണ്ണാ ഹസാരെയും നിലപാട് സ്വീകരിച്ചിട്ടുണ്ട്. ചര്‍ച്ചകള്‍ക്ക് തയാറാണെന്ന് കേന്ദ്രം ആവര്‍ത്തിച്ചെങ്കിലും നേരത്തെ മുന്നോട്ടുവച്ച അഞ്ചിന ഫോര്‍മുല കര്‍ഷക സംഘടനകള്‍ പുന:പരിശോധിക്കണമെന്നാണ് ആവശ്യം.